Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ: കേസിൽ കക്ഷിചേർന്ന് സിപിഎം പോഷക സംഘടന

ktdc-tea-county-munnar-4

ചെന്നൈ∙ മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സിപിഎം-സിപിഐ ഭിന്നത ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിലും പ്രകടമാകുന്നു. സിപിഐ ഭരിക്കുന്ന റവന്യു വകുപ്പിലുള്ള അവിശ്വാസം പരസ്യമാക്കി, സിപിഎം പോഷക സംഘടന ‘കർഷക സംഘം’ കേസിൽ കക്ഷിചേർന്നു.

കേസിൽ സർക്കാരിനു വേണ്ടി അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാൻ ഹാജരാകരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശം നേരത്തേ റവന്യു വകുപ്പ് തള്ളിയിരുന്നു. ഇന്നലെയും സർക്കാരിനു വേണ്ടി തമ്പാൻ തന്നെയാണു ഹാജരായത്. ഇതിനു തിരിച്ചടിയെന്നോണമാണു സ്വന്തം ഭാഗം അവതരിപ്പിക്കുന്നതിനു സിപിഎം പോഷക സംഘടന വഴി കക്ഷിചേർന്നത്.

കേസ് ഇനി നവംബർ ഒൻപതിനു പരിഗണിക്കും.

റിസോർട്ട് ഉടമയായ ജോർജ് തോമസും കേസിൽ കക്ഷിചേർന്നു. സർക്കാർ നേരത്തേ സമർപ്പിച്ച അനധികൃത കയ്യേറ്റക്കാരുടെ പട്ടികയിലുള്ളവരെ തൽക്കാലം കക്ഷിചേർക്കേണ്ടതില്ലെന്നു ജസ്റ്റിസ് പി.ജ്യോതിമണി, വിദഗ്ധസമിതി അംഗം ഡോ.പി.എസ്.റാവു എന്നിവർ തീരുമാനിച്ചിരുന്നു.

കുറിഞ്ഞിമലയുടെ അതിർത്തിനിർണയം സംബന്ധിച്ച റിപ്പോർട്ടും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാർച്ചിൽ ചേർന്ന ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടും ഹാജരാക്കാൻ ട്രൈബ്യൂണൽ നിർദേശം നൽകി. കുറിഞ്ഞിമലയെ സംരക്ഷിത മേഖലയാക്കണമെന്നു രഞ്ജിത് തമ്പാൻ നിലപാടെടുത്തതു സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തെ ചൊടിപ്പിക്കുകയും ഇവർ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

തുടർന്ന്, തമ്പാനെ മാറ്റാൻ മുഖ്യമന്ത്രി റവന്യു മന്ത്രിക്കു നിർദേശം നൽകിയെന്നു വാർത്തകൾ വന്നെങ്കിലും മാറ്റിയില്ല. മൂന്നാറിൽ അനധികൃത കയ്യേറ്റങ്ങളും കെട്ടിട നിർമാണങ്ങളും നടക്കുന്നതായുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ സ്വമേധയാ ആണു കേസെടുത്തത്.