Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മില്ലുടമകളുടെ പിടിവാശിയിൽ ചർച്ച പൊളിഞ്ഞു; സർക്കാർ നേരിട്ടു നെല്ലു സംഭരിക്കും

paddy

തിരുവനന്തപുരം∙ നെല്ലു സംഭരണത്തിനായി സർക്കാർ നടത്തിയ ചർച്ച, കരാർ വ്യവസ്ഥകൾ മാറ്റാതെ നെല്ലെടുക്കില്ലെന്ന മില്ലുടമകളുടെ കടുംപിടിത്തത്തെ തുടർന്നു പരാജയപ്പെട്ടു. എന്നാൽ ഈ പിടിവാശിക്കു മുന്നിൽ മുട്ടു മടക്കില്ലെന്നും സർക്കാർ നേരിട്ടു നെല്ലു സംഭരിച്ച്, സംസ്കരിച്ചു വിൽക്കുമെന്നും മന്ത്രിമാരായ പി. തിലോത്തമനും വി.എസ്. സുനിൽകുമാറും അറിയിച്ചു.

ഇതിനകം നെല്ലു ശേഖരിച്ചു പാടത്തിട്ടിരിക്കുന്ന ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ കലക്ടർമാരുടെ യോഗം ഉടൻ വിളിക്കും. സപ്ലൈകോ നേരിട്ടു സംഭരിച്ചശേഷം സർക്കാരിന്റെയും സഹകരണവകുപ്പിന്റെയും കീഴിലുള്ള മൂന്നു മില്ലുകളിലും ചെറുകിട മില്ലുകളിലും ഇവ സംസ്കരിക്കും.

ഇപ്പോൾ മൂന്നു മില്ലുകൾ പദ്ധതിയുമായി സഹകരിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. കൂടുതൽ പേർ മുന്നോട്ടുവരുമെന്നാണു പ്രതീക്ഷ. അല്ലാത്തവർക്കെതിരെ നിയമനടപടി വരുമെന്നു മന്ത്രി തിലോത്തമൻ വ്യക്തമാക്കി. 100 കിലോ നെല്ലു സംഭരിച്ചാൽ 68 കിലോഗ്രാം അരിയാണു മില്ലുടമകൾ സർക്കാരിനു മടക്കി നൽകേണ്ടത്. ഇത് 64 കിലോ ആയി കുറയ്ക്കണമെന്നാണു മില്ലുടമകൾ യോഗത്തിൽ ആവശ്യപ്പെട്ടത്.

എന്നാൽ, റേഷനരി കലർത്തി അരി മടക്കിനൽകിയിരുന്ന തട്ടിപ്പിനു പിടിവീണതോടെയാണു സ്വകാര്യ മില്ലുടമകൾ മറ്റു ന്യായങ്ങൾ നിരത്തി സർക്കാരിനെ സമ്മർദത്തിലാക്കുന്നത്. കർഷകരിൽനിന്നുള്ള നെല്ലിന്റെ അരി മറിച്ചുവിറ്റശേഷം ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള നിലവാരം കുറഞ്ഞ അരിയും സംസ്ഥാനത്തെ റേഷൻ അരിയും മില്ലുടമകൾ സപ്ലൈകോയ്ക്കു വിതരണം ചെയ്യുന്നതു മുൻ വർഷങ്ങളിൽ വിജിലൻസ് കണ്ടെത്തിയിരുന്നു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ എഫ്സിഐ ഗോഡൗണിൽനിന്നു സപ്ലൈകോയാണ് ഇപ്പോൾ അരിയെടുത്തു റേഷൻ കടകളിൽ നൽകുന്നത്. മാത്രമല്ല, ശേഖരിക്കുന്ന നെല്ലു തന്നെയാണോ അരിയാക്കി നൽകുന്നതെന്ന പരിശോധനയും സർക്കാർ കർശനമാക്കി. ഇതും മില്ലുടമകളുടെ തട്ടിപ്പിനു വിഘാതമായി.

21നു നെല്ലു സംഭരണം തുടങ്ങാനാണു കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നത്. കേന്ദ്ര സബ്സിഡിയോടെയാണു സംഭരണം.