Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ മലയാളി പാസ്റ്ററുടെ മകനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം ആവശ്യപ്പെട്ടത് 75 ലക്ഷം

ന്യൂഡൽഹി∙ കോളജിൽനിന്നു മടങ്ങുംവഴി മലയാളി വിദ്യാർഥിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. ഹരിയാന ബഹാദുർഗഡിൽ താമസിക്കുന്ന പാസ്റ്റർ സേവ്യർ മാത്യുവിന്റെ മകൻ അഭിഷേകിനെ (20) യാണു വെള്ളിയാഴ്ച വൈകിട്ട് നാലിനു തട്ടിക്കൊണ്ടു പോയത്. മകനെ വിട്ടുനൽകാൻ 75 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അഞ്ചരയ്ക്കു സംഘം സേവ്യറിനെ ഫോണിൽ വിളിച്ചു.

വീടിനു സമീപംവച്ചാണ് അഭിഷേകിനെ തട്ടിക്കൊണ്ടു പോയതെന്നാണു സൂചന. ഇന്നലെ രാവിലെ 11 മണിയോടെ വീണ്ടും വിളിച്ച സംഘം രണ്ടു ദിവസത്തിനകം പണം നൽകണമെന്ന് ആവശ്യപ്പെട്ടു. തെക്കു പടിഞ്ഞാറൻ ഡ‍ൽഹിയിലെ നജഫ്ഗഡിലാണു തങ്ങളുള്ളതെന്നു സംഘം അറിയിച്ചെങ്കിലും അവിടെ പൊലീസ് നടത്തിയ തിരച്ചിലിൽ ഇവരെ കണ്ടെത്താനായില്ല.

അഭിഷേകിന്റെ ഫോണിൽനിന്നാണു സംഘം സേവ്യറിനെ ബന്ധപ്പെടുന്നത്. ഫോണിന്റെ സിഗ്‌നൽ പിന്തുടർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ മുഖേന വിവരം ലഭിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, അന്വേഷണം ഊർജിതമാക്കാൻ പൊലീസിനു നിർദേശം നൽകി.

കാണാതാവുമ്പോൾ ഇളംനീല ജീൻസും നീല ഷർട്ടുമായിരുന്നു അഭിഷേകിന്റെ വേഷം. പത്തനംതിട്ട മല്ലശേരി സ്വദേശിയായ പാസ്റ്റർ സേവ്യർ, ഇന്ത്യൻ പെന്തക്കൊസ്ത് ചർച്ചിൽ (ഐപിസി) ശുശ്രൂഷകനാണ്.