Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാശ്രയമേഖലയിൽ സർക്കാരിന്റെ ഇടപെടൽ വേണ്ടഘട്ടം: മുഖ്യമന്ത്രി

CM-At-tcr-engg-college തൃശൂർ ഗവ. എൻജിനീയറിങ് കോളജ് വജ്ര ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ, മേയർ അജിത ജയരാജൻ, മന്ത്രിമാരായ സി.രവീന്ദ്രനാഥ്, വി.എസ്.സുനിൽകുമാർ, എ.സി.മൊയ്തീൻ, സി.എൻ.ജയദേവൻ എംപി എന്നിവർ സമീപം. ചിത്രം: മനോരമ

തൃശൂർ∙ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ശക്തമായ ഇടപെടൽ വേണ്ട ഘട്ടമ‍ാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ ഗവ. എൻജിനീയറിങ് കോളജിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയിൽ വലിയ ലാഭചിന്തയോടെ സ്വാശ്രയ സ്ഥാപനങ്ങൾ എപ്പോഴാണോ കടന്നുവന്നത്, അപ്പോൾ മുതൽ പല സ്ഥാപനങ്ങളെക്കുറിച്ചും വലിയ അവമതിപ്പ് ഉയർന്നുവെന്നതു വസ്തുതയാണ്. മികവിന്റെ കേന്ദ്രങ്ങളായ ഗവ. എൻജിനീയറിങ് കോളജുകളിൽനിന്നും അവമതിപ്പിനിരയായ സ്വാശ്രയ സ്ഥാപനങ്ങളിൽനിന്നും പുറത്തിറങ്ങുന്ന ബിരുദധാരികളെ ഒരേ കണ്ണോടെയാണ് സമൂഹം വിലയിരുത്തുന്നത്. ഈ ബിരുദത്തിന് എന്തോ നിലവാരക്കുറവുണ്ട് എന്നു സംശയിക്കേണ്ട അവസ്ഥ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നു.

വിദ്യാഭ്യാസ മേഖലയിൽ വലിയ അപചയത്തിന് ഇത്തരം സ്ഥാപനങ്ങൾ വഴിയൊരുക്കുന്നു. അതീവ ഗുരുതര പ്രതിസന്ധിയാണിത്. ചില സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾ പ്രവേശനം തേട‍ിയെത്തുന്നില്ല. കാശുമാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഇതുപോലുള്ള സ്ഥാപനങ്ങൾ സാങ്കേതിക വിദ്യാഭ്യാസത്തെ അധഃപ്പതിപ്പിക്കുന്നു.

എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും പൊതുവായ യോഗ്യതകളും മാനദണ്ഡങ്ങളും ഉണ്ടാകണം. ഇവിടെയാണ് അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രസക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാറും വജ്രജൂബിലി വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീനും നിർവഹിച്ചു. മേയർ അജിത ജയരാജൻ ലോഗോ പ്രകാശനം ചെയ്തു.

സി.എൻ ജയദേവൻ എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ, കലക്ടർ എ.കൗശിഗൻ, കൗൺസിലർ പ്രസീജ ഗോപകുമാർ, പ്രിൻസിപ്പൽ ഡോ. ബി.ജയാനന്ദ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.പി.ഇന്ദിരാദേവി, പിടിഎ പ്രസിഡന്റ് എ.വി.പ്രദീപ് കുമാർ, ടി.കൃഷ്ണകുമാർ, സംഘാടക സമിതി കൺവീനർ സി.പി.സുനിൽ കുമാർ, കോളജ് യൂണിയൻ ചെയർമാൻ സി.പി.ഗോപീകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഇൻഡോർ സ്റ്റേഡിയം സ്ഥാപിക്കും

തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ രാജ്യാന്തര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയവും പ്ലേസ്മെന്റ് സെല്ലും സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി സി.രവീന്ദ്രനാഥിന്റെ നിർദേശപ്രകാരമാണ് പദ്ധതിയൊരുങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് വിദ്യാർഥികൾ പ്രഖ്യാപനത്തെ സ്വീകരിച്ചത്.

related stories