Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ടലുകളിൽ നികുതിക്കൊള്ള: ജിഎസ്ടി വകുപ്പ് പരിശോധന തുടങ്ങി

gst

തിരുവനന്തപുരം∙ സംസ്ഥാനത്തെ ചില ഹോട്ടലുകളിൽ നടക്കുന്ന അനധികൃത നികുതി പിരിവിനെതിരെ ജിഎസ്ടി വകുപ്പ് നടപടി തുടങ്ങി. ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്തവരും കോംപോസിഷൻ നികുതി തിരഞ്ഞെടുത്തവരും അടക്കം വ്യാപകമായി അനധികൃതമായി ജിഎസ്ടി പിരിക്കുന്നെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി.

സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു കഴിഞ്ഞു. ജിഎസ്ടി പ്രകാരം 20 ലക്ഷം രൂപയിൽ മുകളിൽ വാർഷിക വിറ്റുവരവുള്ള എല്ലാ ഹോട്ടലുകളും റസ്റ്ററന്റുകളും റജിസ്ട്രേഷൻ എടുക്കണം. ഇവർ മാത്രമേ ഉപഭോക്താക്കളിൽ നിന്നു നികുതി പിരിക്കാൻ പാടുള്ളൂ.

നിലവിൽ, നോൺ എസി ഹോട്ടലുകളിൽ നിന്നു 12 ശതമാനവും എസി ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും 18 ശതമാനവുമാണു നികുതി. ഇതിൽ തന്നെ, കോംപോസിഷൻ നികുതി തിരഞ്ഞെടുത്ത ഹോട്ടലുകളുണ്ട്. ഇവർ ഉപഭോക്താക്കളിൽനിന്നു നികുതി പിരിക്കാൻ പാടില്ല. എന്നാൽ, ഇക്കാര്യം മറച്ചുവച്ച് കോംപോസിഷൻ തിരഞ്ഞെടുത്ത ശേഷം പന്ത്രണ്ടും പതിനെട്ടും ശതമാനം നികുതി ഹോട്ടലുകൾ പിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അനധികൃതമായി നികുതി പിരിക്കുന്നതും നികുതി വെട്ടിക്കുന്നതും പിരിച്ച നികുതി സർക്കാരിലേക്ക് അടയ്ക്കാതിരിക്കുന്നതും ജിഎസ്ടി നിയമപ്രകാരം ജയിൽശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്നു സംസ്ഥാന ചരക്ക്, സേവന നികുതി വകുപ്പ് മുന്നറിയിപ്പു നൽകി.