Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യാപക നിയമനം: വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് ത്വരിതാന്വേഷണം

Vellappally Natesan

തിരുവനന്തപുരം∙ എസ്എൻ കോളജുകളിലെ അധ്യാപക നിയമനങ്ങളിൽ അഴിമതിയുണ്ടെന്ന പരാതിയെത്തുടർന്ന് എസ്എൻ ട്രസ്റ്റിനും സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ വിജിലൻസിന്റെ ത്വരിതാന്വേഷണം. മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതനുസരിച്ചു രണ്ടുമാസം മുൻപാണ് അന്വേഷണം ആരംഭിച്ചത്.

നിയമനങ്ങിൽ ക്രമക്കേടുണ്ടെന്നു കാണിച്ചു വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയ്ക്ക് ഊമക്കത്ത് ലഭിച്ചിരുന്നു. അദ്ദേഹം കത്തിലെ വിശദാംശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ടത്. കഴിഞ്ഞവർഷം എസ്എൻ ട്രസ്റ്റിനു കീഴിലുള്ള കോളജുകളിൽ 74 അധ്യാപകരെ നിയമിച്ചിരുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തനപരിചയവും ഉള്ളവരെ പൂർണമായി തഴഞ്ഞുവെന്നാണു പരാതി.

അപേക്ഷ അയച്ചവരുടെയും അഭിമുഖത്തിൽ പങ്കെടുത്തവരുടെയും മൊഴി രേഖപ്പെടുത്തൽ വിജിലൻസ് ആരംഭിച്ചു. നൂറോളം പേരുടെ മൊഴി എടുക്കുന്നതിന്റെ ആദ്യഘട്ടം വൈകാതെ പൂർത്തിയാകും. അഭിമുഖത്തിന് 25 മാർക്കാണുള്ളത്. ബിഎ, എംഎ ക്ലാസുകളിൽ യഥാക്രമം ഒന്നും രണ്ടും റാങ്ക് ലഭിച്ച, യുജിസി യോഗ്യതയുള്ള ഉദ്യോഗാർഥിക്ക് എട്ടു മാർക്കും യോഗ്യത കുറഞ്ഞവർക്ക് 23 മാർക്കും നൽകിയെന്നു വിജിലൻസിനു പരാതി ലഭിച്ചു. ഊമക്കത്തുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തരുതെന്ന് ഡയറക്ടർ സർക്കുലർ ഇറക്കിയിരുന്നു. അതിനുശേഷമാണ് എസ്എൻ ട്രസ്റ്റിലെ അധ്യാപക നിയമനങ്ങളെക്കുറിച്ചു പരാതി ലഭിക്കുന്നത്.

related stories