Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയാഘാതം: അന്തരീക്ഷ മലിനീകരണവും തെറ്റായ വ്യായാമവും വില്ലൻമാർ

heart-attack

കൊച്ചി ∙ ഹൃദയാഘാതത്തിനു കാരണം കൊളസ്ട്രോളും പുകവലിയും  മാത്രമല്ലെന്നും അന്തരീക്ഷ മലിനീകരണവും ചിട്ടയില്ലാത്ത വ്യായാമവും രോഗത്തിനു കാരണമാവുന്നുണ്ടെന്നും വിദഗ്ധരുടെ വിലയിരുത്തൽ. മെഡിക്കൽ കോളജുകളിലെ കാർഡിയോളജി ഡോക്ടർമാരുടെ വിലയിരുത്തലിലാണ് ഈ സൂചന.

മെഡിക്കൽ കോളജുകളിൽ കഴിഞ്ഞ വർഷം ചികിൽസയ്ക്കെത്തിയ മൂവായിരത്തി ഇരുന്നൂറോളം ഹൃദ്രോഗികളുടെ വിവരങ്ങളാണു വിശകലനം ചെയ്തത്. ഇവരിൽ ശരാശരി കൊളസ്ട്രോൾ 214 ആയിരുന്നു. അപകട നിലയിലും ഏറെ താഴെ. ഹൃദയാഘാതം സംഭവിച്ച 50% രോഗികളിൽ കൊളസ്ട്രോൾ നിയന്ത്രണ വിധേയമായിരുന്നു. എന്നിട്ടും രോഗികൾ അപകടനിലയിൽ എത്തിയതിനു കാരണം തേടിയപ്പോഴാണ് അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെക്കുറിച്ചു സൂചന ലഭിച്ചത്.

വാഹനത്തിൽ നിന്നുള്ള പുക ശ്വസിക്കുന്നവരിൽ ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണു വിലയിരുത്തൽ. പ്രധാന റോഡിനു സമീപം നൂറു മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കു രോഗസാധ്യത കൂടുതലുണ്ട്. തെറ്റായ ഭക്ഷണശീലങ്ങൾക്കു പുറമെ, വ്യായാമക്കുറവും അമിത വ്യായാമവും പ്രശ്നമാവുന്നുണ്ട്. പതിവില്ലാത്ത വ്യായാമങ്ങൾ അമിതമായി ആയാസപ്പെട്ടു ചെയ്യുന്നതു കുഴപ്പം സൃഷ്ടിക്കുന്നു. വ്യവസായശാലകളിൽ നിന്നുയരുന്ന പുകയും മഞ്ഞും ചേർന്ന അന്തരീക്ഷം ശ്വസനതടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും ഇതു ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്നും വിദഗ്ധർ പറയുന്നു.

ഹൃദ്രോഗത്തെ തുടർന്നുള്ള മരണ നിരക്കു പുരുഷന്മാരിൽ നാലു ശതമാനവും സ്ത്രീകളിൽ എട്ടു ശതമാനവുമാണ്. ഹൃദ്രോഗ സാധ്യത സ്ത്രീകളേക്കാൾ 60 % കൂടുതലാണ് പുരുഷന്മാർക്ക്. 2015ൽ കേരളത്തിൽ 40,100 പേർക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തെങ്കിൽ 2016ൽ ഇത് 42200 ആയി – ഇൻട്രാവെൻഷൻ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ കണക്കുകൾ പറയുന്നു.