Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോ സർവീസ് ഇന്നു മുതൽ മഹാരാജാസ് വരെ‍

metro-night മെട്രോ സിറ്റി: കൊച്ചി മെട്രോ നഗര ഹൃദയത്തിലേക്കെത്തുന്നതിന്റെ രാത്രി ദൃശ്യം. ലിസി ജംക്‌ഷൻ സ്റ്റേഷനാണ് ചിത്രത്തിൽ. ഇന്നാണ് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നത്. ചിത്രം: മനോരമ.

കൊച്ചി ∙ കൊച്ചി മെട്രോ ഇന്നു മുതൽ നഗര കേന്ദ്രത്തിലേക്ക്. പാലാരിവട്ടം മുതൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് സ്റ്റേഷൻ വരെയുള്ള അഞ്ചു കിലോമീറ്റർ ലൈനിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 11നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി അധ്യക്ഷനാകും. എറണാകുളം ടൗൺഹാളിലാണു ചടങ്ങ്.

മെട്രോയുടെ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ ദൂരം ജൂൺ 17നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. പാലാരിവട്ടം – മഹാരാജാസ് ലൈൻ കൂടി തുറക്കുന്നതോടെ മൊത്തം മെട്രോ റൂട്ട് 18 കിലോമീറ്റർ ആകും. അഞ്ചു സ്റ്റേഷനുകൾ കൂടി പുതുതായുണ്ടാകും. ഹൈക്കോടതി, സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ, സർക്കാർ ഓഫിസുകൾ, ബ്രോഡ്‌വേ, എംജി റോഡ്, കെഎസ്ആർടിസി ബസ് സ്റ്റേഷൻ തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിലേക്ക് ഇനി മെട്രോയിൽ പോകാം. സ്ഥിരം യാത്രക്കാരെത്തുന്നതോടെ മെട്രോ സർവീസുകളിൽ തിരക്കേറും.

രാവിലെ 10.30നു കലൂർ ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു പുതിയ ലൈൻ ഫ്ലാഗ് ഓഫ് ചെയ്യും.

∙ ഇന്നു മുതൽ മെട്രോ 18 കിലോമീറ്റർ സർവീസ് – 16 സ്റ്റേഷൻ
∙ മൂന്നു മാസത്തെ വരുമാനം 10 കോടി
∙ ശരാശരി പ്രതിദിന യാത്രക്കാർ 30,000
∙ രാവിലെ ആറു മുതൽ രാത്രി പത്തു വരെ സർവീസ്
∙ ഞായറാഴ്ച സർവീസ് ആരംഭിക്കുന്നത് രാവിലെ എട്ടിന്
∙ ഇന്നു 11 മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് സ്റ്റേഷനിലേക്കു സർവീസ്
∙ ആലുവ – മഹാരാജാസ് ടിക്കറ്റ് 50 രൂപ
∙ കലൂർ, എംജി റോഡ് സ്റ്റേഷനുകളിലേക്കും 50 രൂപ