Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. ഉഴുന്നാലിൽ ലോകത്തിനാകെ മാതൃക: മുഖ്യമന്ത്രി

uzhunnalil-reception യെമനിൽ ഭീകരരുടെ തടവിൽനിന്നു മോചിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിലിനു തിരുവനന്തപുരത്തു നൽകിയ സ്വീകരണച്ചടങ്ങിലേക്ക് അദ്ദേഹത്തോടൊപ്പമെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ എന്നിവർ.

തിരുവനന്തപുരം∙ അസാമാന്യമായ ഇച്ഛാശക്തികൊണ്ടു പ്രതിസന്ധിയെ കീഴടക്കാമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണു ഫാ. ടോം ഉഴുന്നാലിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്കു തിരിച്ചെത്തിയ അദ്ദേഹം ലോകത്തിനാകെ മാതൃകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യെമനിലെ തടവറയിൽനിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലിനു തലസ്ഥാനത്തു ഗിരിദീപം കൺവൻഷൻ സെന്ററിൽ സ്വീകരണം നൽകിയ ചടങ്ങിൽ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏതു നിമിഷവും ജീവൻ നഷ്ടപ്പെടാമെന്ന അവസ്ഥയിൽ ഒന്നര വർഷക്കാലം തള്ളിനീക്കുകയാണ് അദ്ദേഹം ചെയ്തതെന്നു പിണറായി ചൂണ്ടിക്കാട്ടി. ഏതു പ്രതിസന്ധിയെയും അതിജീവിക്കാനാകും എന്ന ആത്മവിശ്വാസം മുറുകെ പിടിച്ചു. ആയുധങ്ങളുമായി നിൽക്കുന്ന ഭീകരരുടെ ഇടയിലാണു കണ്ണുകെട്ടി കഴിയേണ്ടി വന്നത്. അത് അനന്തമായി നീളുമ്പോൾ പ്രത്യാശ കൈവിടാതിരിക്കണമെങ്കിൽ അസാമാന്യ മനക്കരുത്തു വേണം. ആപത്തിൽപെടുന്ന എല്ലാവർക്കും ഇതു മാതൃകയാണ്. ഭയക്കേണ്ട സാഹചര്യങ്ങളോ രോഗപീഡകളോ മാനസികമായി തളർത്തരുത്. ഇതു സമൂഹത്തിനു മുന്നിൽ വലിയ പാഠമായി നിൽക്കും. മോചിതനായശേഷം അദ്ദേഹം ഭീകരരോടു ദേഷ്യം കാട്ടിയിട്ടില്ല. ആരോടും ശത്രുതയില്ലെങ്കിൽ മനസ്സിനു പ്രത്യേക സുഖം കാണും. ആ സുഖം അച്ചന്റെ മുഖത്തു കാണാം. ഒന്നര വർഷത്തെ അനുഭവത്തിനുശേഷവും വീണ്ടും ഏതു പ്രതികൂല സാഹചര്യത്തിലേക്കും പോകാൻ തയാറാണെന്ന നിലപാടിനെ ആദരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരിക്കൽപോലും സമനില തെറ്റാത്ത വിധത്തിലുള്ള ഫാ. ടോമിന്റെ സമീപനം മോചനത്തിൽ വലിയ പങ്കു വഹിച്ചുവെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ക്ഷമയും സഹനശക്തിയും എടുത്തുപറയണം. ഭീകരരെ സൗമ്യതകൊണ്ടു കീഴടക്കിയതിൽ സന്തോഷിക്കാം. ഫാ. ടോമിന്റെ മോചനത്തിനായി എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളും എത്രമാത്രം കാത്തിരിക്കുകയായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ഇപ്പോൾ ലഭിക്കുന്ന സ്വീകരണങ്ങളെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഫാ. ടോമിനെ നമ്മുടെ മധ്യത്തിൽ ഇതുപോലെ കാണാൻ സാധിക്കുമെന്നു കരുതിയതല്ലെന്നും പക്ഷേ മനുഷ്യന് അസാധ്യമായതു സാധ്യമാക്കാൻ ദൈവത്തിനു സാധിക്കുമെന്നും കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു. സംസ്ഥാനത്തിനുവേണ്ടി മുഖ്യമന്ത്രി ഫാ. ടോം ഉഴുന്നാലിലിനെ ഷാൾ അണിയിച്ച് ആദരിച്ചു.

ജോസഫ് മാർ ബർണബാസ്, ശിവഗിരി മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പാളയം ഇമാം സുഹൈബ് മൗലവി, ബിഷപ്് ഡോ. ആർ.ക്രിസ്തുദാസ്, ഫാ. ജോയ്സ് തോണിക്കുഴി എന്നിവർ പ്രസംഗിച്ചു.