Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോ നെടുമ്പാശേരിയിലേക്കും അങ്കമാലിയിലേക്കും നീട്ടുന്നതു പരിഗണനയിൽ: മുഖ്യമന്ത്രി

metro-pinarayi വനിതകൾക്കു സീറ്റില്ലേ സഖാവേ: കൊച്ചി മെട്രോയുടെ പാലാരിവട്ടം – മഹാരാജാസ് കോളജ് സ്റ്റേഡിയം ലൈൻ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മെട്രോയിൽ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെ യാത്ര ചെയ്തപ്പോൾ. അൻവർ സാദത്ത് എംഎൽഎ, ഇ. ശ്രീധരൻ, ഹൈബി ഈഡൻ എംഎൽഎ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്ര സഹമന്ത്രി ഹർദീപ്സിങ് പുരി, കെ.വി. തോമസ് എംപി, മേയർ സൗമിനി ജെയിൻ, കളമശേരി നഗരസഭാധ്യക്ഷ ജെസി പീറ്റർ എന്നിവർ സമീപം. ചിത്രം: മനോരമ

കൊച്ചി ∙ മെട്രോ കാക്കനാട് ഇൻഫോപാർക് ലൈൻ വികസനം വൈകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. ഒന്നാംഘട്ടത്തിന്റെ തുടർച്ചയായി മെട്രോ തൃപ്പൂണിത്തുറവരെ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായി പാലാരിവട്ടം– മഹാരാജാസ് ഗ്രൗണ്ട് മെട്രോ ലൈൻ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറവരെ മെട്രോ നിർമാണത്തിനു സ്ഥലമെടുപ്പാണു തടസ്സം. ഇതു പരിഹരിക്കാൻ ഉടൻ ചർച്ച നടത്തും. കാക്കനാട് ലൈനിനു പിന്നാലെ മെട്രോ നെടുമ്പാശേരിയിലേക്കും അങ്കമാലിയിലേക്കും നീട്ടുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഇടപ്പള്ളി മുതൽ കലൂർ വരെ അഴുക്കുചാൽ നവീകരണത്തിനും വാക്‌വേ നിർമാണത്തിനും 24 കോടിരൂപ അനുവദിച്ചു. ഇതിനൊപ്പം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഇടപ്പള്ളി, ആലുവ ജംക്‌ഷനുകളുടെ നവീകരണം പൂർത്തിയാക്കും. മെട്രോ, വാട്ടർ മെട്രോ, റോഡ് ഗതാഗതം എന്നിവ ഏകോപിപ്പിച്ചു പൊതുഗതാഗത സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകളുടെ പുതുക്കിയ റിപ്പോർട്ട് നൽകാൻ കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചാൽ നഗരവികസന മന്ത്രാലയം പരിഗണിക്കും. സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാതെ ഇനി മെട്രോ പദ്ധതികൾക്കു മുന്നോട്ടുപോകാനാവില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് സ്റ്റേഷനിലേക്കുള്ള ആദ്യ മെട്രോ ട്രെയിൻ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഫ്ലാഗ് ഓഫ് ചെയ്തശേഷം കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, ജനപ്രതിനിധികൾ എന്നിവർക്കൊപ്പം മെട്രോ യാത്ര നടത്തിയ മുഖ്യമന്ത്രി എറണാകുളം ടൗൺഹാളിൽ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.  

പൂർത്തിയായതു 18 കിലോമീറ്റർ

ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള 26.5 കിലോ മീറ്റർ മെട്രോയുടെ 18 കിലോ മീറ്റർ ദൂരമാണു പൂർത്തിയായത്. മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതൽ തൃപ്പൂണിത്തുറ വരെ 8.5 കിലോമീറ്റർ പൂർത്തിയാവാനുണ്ട്. 2013ൽ നിർമാണം തുടങ്ങിയ കൊച്ചി മെട്രോയുടെ ആദ്യ 11.26 കിലോമീറ്റർ ദൂരം കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മിഷൻ ചെയ്തിരുന്നു. പൂർത്തിയാവാനുള്ള ഭാഗത്ത് തൈക്കൂടം വരെയുള്ള നിർമാണം ഒന്നര വർഷത്തിനകം പൂർത്തിയാക്കും. മഹാരാജാസിനും തൃപ്പൂണിത്തുറയ്ക്കും ഇടയിൽ സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട, അലയൻസ് ജംക്‌ഷൻ, എസ്എൻ ജംക്‌ഷൻ സ്റ്റേഷനുകളാണുള്ളത്. വൈറ്റില–തൃപ്പൂണിത്തുറ റോഡിന്റെ വീതികൂട്ടലും ചമ്പക്കരയിൽ പുതിയ പാലത്തിന്റെ നിർമാണവും നടത്തും.

ആലുവയിൽ നിന്നു കൊച്ചി നഗരഹൃദയത്തിലേക്ക്

കൊച്ചി‌ ∙ ആലുവയിൽ നിന്നു കൊച്ചി നഗര കേന്ദ്രത്തിലേക്കെത്താൻ ഇനി 35 മിനിറ്റ് മാത്രം. കൊച്ചി മെട്രോയുടെ പാലാരിവട്ടം – മഹാരാജാസ് കോളജ് സ്റ്റേഡിയം ലൈൻ ഉദ്ഘാടനം ചെയ്തതോടെയാണിത്. ആലുവയിൽനിന്നു പാലാരിവട്ടം വരെ 13 കിലോ മീറ്റർ മെട്രോ യാത്ര ഇതുവരെ കൗതുകമായിരുന്നുവെങ്കിൽ, 18 കിലോമീറ്ററിലേക്കു മെട്രോ നീട്ടിയതോടെ അതു നഗരത്തെയും തിരക്കേറിയ ആലുവ, കളമശേരി പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന ബദൽ സർവീസ് ആയി.

ആലുവ – മഹാരാജാസ് ലൈനിൽ 16 സ്റ്റേഷനുകളാണ്. ജവാഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ, ലിസി, എംജി റോഡ്, മഹാരാജാസ് എന്നിവയാണു പുതുതായി ചേർക്കപ്പെട്ട സ്റ്റേഷനുകൾ. അഞ്ചും ഏറെ തിരക്കുള്ള കേന്ദ്രങ്ങളിലാണ്.മഹാരാജാസ് സ്റ്റേഷനിൽനിന്നു ബോട്ട് ജെട്ടിയിലേക്ക് ആധുനിക രീതിയിലുള്ള നടപ്പാതയുടെ നിർമാണം പുരോഗമിക്കുന്നു. പ്രധാന    മെട്രോ സ്റ്റേഷനുകളിൽനിന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ചെറുബസുകളും   ഓട്ടോറിക്ഷകളും  ഉൾപ്പെടുന്ന ഫീഡർ സർവീസുകൾ ലഭ്യമാണ്.

ആലുവ, കളമശേരി, അമ്പാട്ടുകാവ്, കളമശേരി, ഇടപ്പള്ളി, കലൂർ മെട്രോ സ്റ്റേഷനുകളിൽ മതിയായ പാർക്കിങ് സൗകര്യമുണ്ട്. മറ്റെല്ലാ സ്റ്റേഷനുകളിലും പരിമിതമായ പാർക്കിങ് ലഭ്യം. ആലുവയിൽനിന്ന് ആദ്യ സ്റ്റേഷനായ പുളിഞ്ചോടിലേക്കു പത്തു രൂപയാണു ടിക്കറ്റ് നിരക്ക്. കമ്പനിപ്പടി മുതൽ മുട്ടം വരെയുള്ള സ്റ്റേഷനുകൾക്ക് 20 രൂപയും പത്തടിപ്പാലം വരെ മുപ്പതും ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വരെ നാൽപതും മഹാരാജാസ് വരെ 50 രൂപയുമാണു നിരക്കുകൾ. ആലുവ മുതൽ മഹാരാജാസ് വരെയുള്ള പ്രധാന സ്റ്റേഷനുകളിൽനിന്നു ഫീഡർ സർവീസുകൾ ആരംഭിച്ചു. വാൻ സർവീസിനായി 13 റൂട്ടും ഓട്ടോ ഫീഡർ സർവീസിന് 54 റൂട്ടുമുണ്ട്. രാവിലെയും വൈകിട്ടും നിശ്ചിതസമയത്തു സർവീസ് ലഭ്യമാവും.

മന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയർ സൗമിനി ജെയിൻ, കെ.വി. തോമസ് എംപി, എംഎൽഎ മാരായ ഹൈബി ഇൗഡൻ, അൻവർ സാദത്ത്, റോജി ജോൺ, ജോൺ ഫെർണാണ്ടസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനൽ, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, ഫിനാൻസ് ഡയറക്ടർ ഏബ്രഹാം ഉമ്മൻ എന്നിവർ പ്രസംഗിച്ചു.