Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജേക്കബ് തോമസിന്റെ പുസ്തകം അഞ്ചംഗ സമിതിയുടെ വായനയി‍ൽ

Jacob-Thomas

തിരുവനന്തപുരം∙ ‘സ്രാവുകൾക്കൊപ്പം നീന്തിയ’ മുൻ വിജിലൻസ് ഡയറക്ടർ ഡിജിപി ജേക്കബ് തോമസ് വിവാദച്ചുഴിയിൽ തന്നെ. അദ്ദേഹത്തിന്റെ പുസ്തകം സാഹിത്യപരമാണോയെന്നു കണ്ടെത്താൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി നിയോഗിച്ച അഞ്ചംഗ സമിതി ഇന്നലെ ആദ്യയോഗം ചേർന്നെങ്കിലും സൃഷ്ടിയുടെ ‘കാതൽ’ കണ്ടെത്താനായില്ല. പുസ്തകം മുഴുവൻ വായിക്കാൻ ആർക്കും പറ്റിയില്ലെന്നാണ് ഒരംഗം പറഞ്ഞത്. ഓൾ ഇന്ത്യ സർവീസസ് (കോണ്ടക്ട്) റൂൾസ് ലംഘിച്ചോയെന്നു പരിശോധിക്കാൻ സമിതിയോടു സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 

‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ 2016 നവംബറിലാണു ജേക്കബ് തോമസ് സർക്കാരിന്റെ അനുമതി തേടിയത്. എന്നാൽ രണ്ടുവട്ടം അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ കത്തു നൽകിയിട്ടും പുസ്തകം പ്രകാശനം ചെയ്യുന്നതുവരെ അതിന്റെ പകർപ്പ് അദ്ദേഹം ഹാജരാക്കിയില്ല. 

വിജിലൻസ് ഡയറക്ടറായിരിക്കെ സർക്കാർ നിർബന്ധിത അവധിയിൽ വിട്ടപ്പോഴാണു കഴിഞ്ഞ മേയിൽ പുസ്തകപ്രകാശനം തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുമെന്നായിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്മാറി.

അനുമതിയില്ലാതെയാണു രചനയെന്നു നളിനി നെറ്റോ നൽകിയ റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. പുസ്തകത്തിൽ പതിന്നാലിടത്തു സർവീസ് ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും  ഉള്ളടക്കത്തിൽ രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ലെന്നും നളിനി നെറ്റോ ചൂണ്ടിക്കാട്ടി. ഔദ്യോഗിക രേഖകൾ വ്യക്തി ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. 

വിവാദ കേസുകളിലും രാഷ്ട്രീയ നേതാക്കൾക്കെതിരായും അഭിപ്രായ പ്രകടനം നടത്തി. അതിനാൽ വിശദ പരിശോധനയ്ക്കു പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും അവർ ശുപാശ ചെയ്തിരുന്നു. പുസ്തക രചന ചട്ടപ്രകാരമല്ലെന്നു നിയമ സെക്രട്ടറിയും ഇന്റലിജൻസ് മേധാവിയും സർക്കാരിനു റിപ്പോർട്ട് നൽകി.  

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് എന്നിവർ അംഗങ്ങളായും സമിതി രൂപീകരിച്ചത്. പ്രാഥമിക പരിശോധനയിൽ തന്നെ വിവാദ വിഷയങ്ങൾ പുസ്തകത്തിലുണ്ടെന്നു കണ്ടെത്തിയെന്നും രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. ജൂണിൽ രൂപീകരിച്ച സമിതി ഇപ്പോഴാണ് ആദ്യ യോഗം ചേർന്നത്.