Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെല്ലു സംഭരണം: തർക്കം ഗുണമേന്മ പരിശോധയിൽ

paddy-farmer-rajamma

തിരുവനന്തപുരം∙ കർഷകരിൽനിന്നു സംഭരിച്ചു സംസ്കരിച്ച നെല്ലിന്റെ ഗുണമേന്മ പരിശോധന സംബന്ധിച്ചു സർക്കാരും മില്ലുടമകളും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായില്ല. രണ്ടുതവണ പരിശോധനയെന്നത് ഒഴിവാക്കാനാവില്ലെന്നും പകരം മില്ലുടമകളുടെ ഗോഡൗണിൽനിന്നു സർക്കാർ ഗോഡൗണിലേക്ക് അരി കൊണ്ടുപോകുന്നതിന്റെ വാഹനവാടക നൽകാമെന്നും സിവിൽ സപ്ലൈസ് അധികൃതർ യോഗത്തിൽ അറിയിച്ചു.

എന്നാൽ ഇതു മില്ലുടമകൾ അംഗീകരിച്ചില്ല. സംസ്കരിച്ച അരിയുടെ ഗുണമേന്മ, മില്ലുടമകളുടെ ഗോഡൗണിലും തുടർന്നു സപ്ലൈകോ ഗോഡൗണിലും പരിശോധിക്കുമെന്ന മുൻ തീരുമാനത്തിൽ സിവിൽ സപ്ലൈസ് അധികൃതർ ഉറച്ചുനിന്നു. എന്നാൽ അരി സർക്കാർ ഏറ്റെടുക്കുന്നതിനു മുൻപു ഗുണനിലവാരം ഉറപ്പാക്കണമെന്നും തുടർന്നു പരിശോധന പാടില്ലെന്നും മില്ലുടമകളും ശഠിച്ചു.

സപ്ലൈകോ വഴി വിതരണം ചെയ്യുമ്പോൾ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ടെന്നു സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. സർക്കാർ ഗോഡൗണിൽ എത്തിയശേഷവും ഗുണമേന്മ പരിശോധിക്കും. വ്യത്യാസം കണ്ടെത്തിയാൽ അരി തിരിച്ചയയ്ക്കും. എന്നാൽ സംഭരിച്ചു മാസങ്ങൾക്കുശേഷം ഇതേ അരിയുടെ ഗുണമേന്മ വീണ്ടും പരിശോധിക്കുന്നത് അനീതിയാണെന്നു മില്ലുടമകൾ വാദിച്ചു.

മുഖ്യമന്ത്രിയുടെയും വകുപ്പു മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിൽനിന്നു പിന്നാക്കം പോകാനാവില്ലെന്നും സിവിൽ സപ്ലൈസ് അധികൃതരും അറിയിച്ചു. അതോടെയാണു ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്.

പരിശോധനയിൽ വിട്ടുവീഴ്ചയില്ല: മന്ത്രി

സംസ്കരിച്ച അരിയുടെ ഗുണമേന്മ, സംഭരണ കേന്ദ്രത്തിലും സർക്കാർ ഗോഡൗണിലും പരിശോധിക്കുമെന്ന സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്നു കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. അരിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് ഇതു സംബന്ധിച്ചു സർക്കാർ വിളിച്ചുചേർത്ത മില്ലുടമകളുടെ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അരിക്കു ഗുണനിലവാരമില്ലെന്ന പരാതി വ്യാപകമാണ്. ഗുണമേന്മയുള്ള നെല്ലാണു കർഷകർ നൽകുന്നതെങ്കിലും സിവിൽ സപ്ലൈസ് വകുപ്പിനു ലഭിക്കുന്ന അരിക്ക് അതേ നിലവാരമില്ലെന്നും പരാതി ലഭിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ അരിയുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന പരിശോധന കൂടിയേ തീരൂ– മന്ത്രി പറഞ്ഞു.