Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതര സംസ്ഥാനത്തൊഴിലാളികൾക്കെതിരെ അക്രമം എന്നു വ്യാജ പ്രചാരണം; പൊലീസ് അന്വേഷണം തുടങ്ങി

Behra-8-5-2017-1

തിരുവനന്തപുരം∙ ഇതര സംസ്ഥാനത്തൊഴിലാളികൾക്കെതിരെ കേരളത്തിൽ അക്രമം നടക്കുന്നതായ വ്യാജ പ്രചാരണത്തിന്റെ ഉറവിടത്തെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ആസ്ഥാനത്തും സൈബർ ഡോമിലും അന്വേഷണം നടത്തുന്നുണ്ടെന്നു ഡിജിപി: ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജ വാട്സാപ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുക പ്രയാസമാണ്. എങ്കിലും രണ്ടുപേരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. പ്രചാരണം തികച്ചും അസത്യമാണെന്നു ബെഹ്റ വ്യക്തമാക്കി.

കേരളം ഏറ്റവും സുരക്ഷിത സംസ്ഥാനങ്ങളിലൊന്നാണ്. ഇവിടെ ഒരു തരം വിവേചനവുമില്ല. കേരളീയർ എല്ലാ സംസ്ഥാനക്കാരെയും സ്നേഹിക്കുന്നവരാണ്. പ്രചാരണത്തിന്റെ പേരിൽ ഇതര സംസ്ഥാനത്തൊഴിലാളികളൊന്നും കേരളം വിട്ടുപോയിട്ടില്ല. അഥവാ, എന്തെങ്കിലും പ്രശ്നമുണ്ടായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തൊഴിൽദാതാവിനെയോ അറിയിക്കാം. ഇത്തരം വ്യാജ സന്ദേശങ്ങൾ കൈമാറരുതെന്നു ഡിജിപി അഭ്യർഥിച്ചു. വ്യാജ സന്ദേശത്തിൽ കാണിക്കുന്നതു പോലുള്ള അക്രമം കേരളത്തിലോ കോഴിക്കോട്ടോ നടന്നിട്ടില്ല. ഇതര സംസഥാനത്തൊഴിലാളികളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ കലക്ടർമാരെയും എസ്പിമാരെയും നിയോഗിച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യം ഇതിനു പിന്നിലുണ്ടോയെന്നും ഇപ്പോൾ പറയാൻ കഴിയില്ല. ഇതര സംസ്ഥാനത്തൊഴിലാളികൾ ഇക്കാര്യങ്ങൾ നേരിട്ടറിയാൻ വേണ്ടി ബെഹ്റ വാർത്താ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ ഹിന്ദിയിലും ബംഗാളി ഭാഷയിലും പറഞ്ഞു. ചാനലുകൾ ഇതു സംപ്രേഷണം ചെയ്യണമെന്ന അഭ്യർഥനയും നടത്തി.

നിയമനടപടിയെന്നു മന്ത്രി

ഇതര സംസ്ഥാനത്തൊഴിലാളികൾ കേരളത്തിൽ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന വ്യാജപ്രചാരണത്തിനെതിരെ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നു തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഇതിന്റെ ഉറവിടം പരിശോധിക്കാൻ കലക്ടർമാർക്കും പൊലിസിനും സർക്കാർ നിർദേശം നൽകി. കേരളത്തിന്റെ ഭാഗമായാണ് ഇതര സംസ്ഥാനത്തൊഴിലാളികളെ കാണുന്നത്. ഇവർക്ക് സൗജന്യ ഇൻഷുറൻസും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്ന പദ്ധതിയുടെ റജിസ്ട്രേഷൻ നവംബറിൽ ആരംഭിക്കും. ജനുവരി മുതൽ ആനുകൂല്യങ്ങൾ ലഭിക്കും. എല്ലാ ജില്ലകളിലും ഇവർക്കായി ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ തുടങ്ങും. കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന ഹോസ്റ്റലുകളിൽ ആദ്യത്തേതു കഞ്ചിക്കോട് പൂർത്തിയായി. 640 പേർക്കു താമസിക്കാൻ കഴിയുന്ന ഇതു ജനുവരിയിൽ തുറന്നുകൊടുക്കുമെന്നും മന്ത്രി അറിയിച്ചു.  

ഇതര സംസ്ഥാനക്കാർ സുരക്ഷിതർ: പിണറായി

തിരുവനന്തപുരം∙ ഇതര സം സ്ഥാന തൊഴിലാളികൾ കേരളത്തിൽ പൂർണ സുരക്ഷിതരായിരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ടിഎയുടെ വിദ്യാഭ്യാസ സദസ്സിനു സമാപനം കുറിച്ചു നടത്തിയ ജനകീയ വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാജ പ്രചാരണം നടത്തി കേരളത്തെ തകർക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കരുതിയിരിക്കണം. കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ഇതര സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. അവർ കേരളത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണു നമുക്കു പിന്തുണ പ്രഖ്യാപിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയെ കേരളത്തിൽ കൊലപ്പെടുത്തിയെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ വിഷലിപ്തമായ വ്യാജ പ്രചാരണം നടത്തിയതു സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രങ്ങളാണ്.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇവിടെ തൊഴിൽ ചെയ്യാൻ എത്തുന്നവർ താമസ സൗകര്യങ്ങളുടെ കാര്യത്തിലും മറ്റും ചില പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട് എന്നതു വസ്തുതയാണ്. അവർക്കു കൂട്ടായി താമസിക്കാനുള്ള സ്ഥലം ഒരുക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. സൗജന്യ ചികിത്സ ഉൾപ്പെടെ വിവിധ പദ്ധതികളും തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുകയാണ്. ഈ നാട് രാജ്യത്തിനു മാതൃകയാണെന്നാണു രാഷ്ട്രപതി സാക്ഷ്യപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.