Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയുടെ അവലോകനം കഴിഞ്ഞു; 114 പ്രവൃത്തികളുടെ ചിത്രം തെളിഞ്ഞു

Pinarayi Vijayan

തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കു മുന്നിൽ മന്ത്രിമാർ നേരിട്ടെത്തിയുള്ള പദ്ധതി അവലോകനം പൂർത്തിയായപ്പോൾ 38 വകുപ്പുകളിലായി നടപ്പാക്കേണ്ട 114 പ്രവൃത്തികളുടെ ചിത്രം തെളിഞ്ഞു. രണ്ടു ദിവസമായി നടന്ന അവലോകനത്തിന്റെ ഏറ്റവും വലിയ മെച്ചം, പദ്ധതി നടത്തിപ്പുകൾ വേഗത്തിലാകുമെന്നതാണ്.  അടിക്കടി പുരോഗതി റിപ്പോർട്ട് ആവശ്യപ്പെടുന്നതിനാൽ മുൻപുണ്ടായിരുന്ന കാലതാമസം ഇനി ഒഴിവാകും.

ധനമന്ത്രി ടി.എം.തോമസ് ഐസക് ഒഴികെയുള്ള മന്ത്രിമാരെല്ലാം അവലോകനത്തിൽ പങ്കെടുത്തു. മന്ത്രിമാരായ കെ.രാജു, ജെ.മേഴ്സിക്കുട്ടിയമ്മ, ടി.പി.രാമകൃഷ്ണൻ, ജി.സുധാകരൻ, കെ.കെ.ശൈലജ, പി.തിലോത്തമൻ, കെ.ടി.ജലീൽ, വി.എസ്.സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, എം.എം.മണി, എ.സി.മൊയ്തീൻ എന്നിവരുടെ ഉൗഴമായിരുന്നു ഇന്നലെ.

∙ പൊതുമരാമത്ത്

32,500 കോടി രൂപ ചെലവിട്ട് ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനുള്ള സ്ഥലമെടുപ്പും തുടർ നടപടികളും വേഗത്തിൽ പുരോഗമിക്കുന്നു. 18 കിലോമീറ്റർ തലശേരി-മാഹി ബൈപാസിന്റെ സ്ഥലമെടുപ്പ് 66% പൂർത്തിയായി. കോഴിക്കോട് ബൈപാസിന്റെ  (28 കി.മീ.) സ്ഥലമെടുപ്പ് 94% ആയി. തലപ്പാടി-ചെങ്ങള (39 കി.മീ.) 70% ദേശീയപാത അതോറിറ്റിക്കു ലഭിച്ചു. ടെൻഡർ ഡിസംബറിൽ. ചെങ്ങള-കാലിക്കടവ് (48 കി.മീ.), വെങ്ങളം-കുറ്റിപ്പുറം, കുറ്റിപ്പുറം-ഇടപ്പള്ളി-തുറവൂർ, ചേർത്തല-ഓച്ചിറ, ഓച്ചിറ-തിരുവനന്തപുരം റീച്ചുകളുടെ സ്ഥലമെടുപ്പു പുരോഗമിക്കുന്നു.

വനം-വന്യജീവി,  ക്ഷീരം

ആനകളെ പ്രതിരോധിക്കുന്ന കിടങ്ങ് 20 കിലോമീറ്ററിൽ നിർമിക്കും. രണ്ടു കിലോമീറ്റർ പൂർത്തിയായി. ആനകളെ തടയുന്ന 10 കിലോമീറ്റർ മതിലിൽ ഏഴര കിലോമീറ്റർ പൂർത്തിയായി. 200 കിലോമീറ്റർ സൗരോർജ വേലിയിൽ 10 കിലോമീറ്റർ പണി കഴിഞ്ഞു.  ഗോവർധിനി പദ്ധതി പ്രകാരം 12,695 കന്നുകുട്ടികളെ ദത്തെടുത്തു(87%). പാലിന്  ഒരു ലക്ഷം കന്നുകുട്ടികളെ കൊണ്ടുവരും ഗുണനിലവാരമില്ലാത്ത പാൽ തടയാൻ ഈ വർഷം മൂന്നു ലാബ് കൂടി സ്ഥാപിക്കും.

∙ സഹകരണം, ടൂറിസം

കേരള സഹകരണ ബാങ്ക് രൂപീകരണം ചിങ്ങം ഒന്നിന്. കാസർകോട്, കണ്ണൂർ ജില്ലകളിലെ എട്ടു നദികളെ ബന്ധിപ്പിച്ചു മലബാർ ബോട്ട് യാത്രാ പദ്ധതി നടപ്പാക്കാൻ തുടങ്ങി. പത്തനംതിട്ട-ഗവി-വാഗമൺ-തേക്കടി ഇക്കോടൂറിസം പദ്ധതി 2018 ജൂണിൽ നാടിനു സമർപ്പിക്കും. ശിവഗിരി-ചെമ്പഴന്തി-ഗുരുകുലം-കുന്നുപാറ-അരുവിപ്പുറം ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ട് പദ്ധതിക്കു 100 കോടി രൂപയുടെ കേന്ദ്ര അനുമതി തേടി.

∙ റവന്യു

1664 വില്ലേജ് ഓഫിസുകളും സ്മാർട് ആക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. 2016-17-ൽ 26 വില്ലേജ് ഓഫിസുകൾ പൂർത്തിയായി. 39 എണ്ണം സ്മാർട്ടാകും. 2.44 കോടി രേഖകൾ ഡിജിറ്റൈസ് ചെയ്തു.

തദ്ദേശം, ഭവന നിർമാണം

പഞ്ചായത്തുകളിൽ സാമൂഹിക-സാമ്പത്തിക-മാനവിക സൂചിക തയാറാക്കാൻ തുടങ്ങി. ഓഗസ്റ്റിൽ മുഴുവൻ കുടുംബങ്ങളുടെയും ഡേറ്റാബേസ് തയാറാകും. വയോജനങ്ങൾക്കു പകൽവീട് നിർമിക്കുന്ന പദ്ധതി അടുത്ത വർഷം നടപ്പാക്കും.

∙ മത്സ്യബന്ധനം

4027 കുളങ്ങളിൽ മത്സ്യം വളർത്തൽ ആരംഭിച്ചു. 2475 പാടശേഖരങ്ങളിലും മത്സ്യകൃഷി തുടങ്ങി. 2000 ചെമ്മീൻ കൃഷി കേന്ദ്രങ്ങൾ ആരംഭിക്കും. മറൈൻ ആംബുലൻസ് ഏർപ്പെടുത്തും.

∙ തൊഴിൽ

10 ഐടിഐകൾക്ക് 228 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി നൽകി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഹോസ്റ്റലുകൾ. പാലക്കാട്ട് പണി പൂർത്തിയായി. ഈ വർഷം അഞ്ചുലക്ഷം പേരെ ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കും.
 
∙ ആരോഗ്യം

മുഴുവൻ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പരിശോധനാ ലാബുകൾ. . ഇതിൽ 155 എണ്ണം അടുത്ത ജനുവരിയിൽ.  ജില്ലാ, താലൂക്ക് ആശുപത്രികളിൽ സൂപ്പർ സ്പെഷ്യൽറ്റി, സ്പെഷ്യൽറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തും. എട്ടു ജില്ലാ ആശുപത്രികളിൽ കാത്ത് ലാബ് സ്ഥാപിക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും 44 ഡയാലിസിസ് സൗകര്യങ്ങൾ ഏർപ്പെടുത്തും.

∙ വ്യവസായം, സ്പോർട്സ്

അനുമതികൾ ഏകജാലകത്തിലൂടെ. ഇതിന്  നിയമഭേദഗതി ഉടൻ.  അടുത്ത അധ്യയന വർഷം ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കു യൂണിഫോമിനു കൈത്തറി തുണി ലഭ്യമാക്കും. കൊച്ചിയിൽ പെട്രോകെമിക്കൽ കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള നടപടികളായി. 14 ജില്ലകളിലും സ്റ്റേഡിയം നിർമിക്കുന്നതിനു 500 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.

∙ വൈദ്യുതി

കണ്ണൂരിൽ 200 മെഗാവാട്ടിന്റെ സോളർ പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സ്ഥലം ലഭിച്ചിട്ടുണ്ട്. ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ആദ്യഘട്ടം 2019 ഡിസംബറിലും രണ്ടാംഘട്ടം 2020 ഡിസംബറിലും പൂർത്തിയാകും.  

∙ കൃഷി

1.8 ലക്ഷം ഹെക്ടറിൽ നെൽകൃഷി വ്യാപിക്കുന്നതിനുള്ള പദ്ധതിയുടെ 35.8% പൂർത്തിയായി. പച്ചക്കറിക്ക് 24 പദ്ധതികളാണു നടപ്പാക്കുന്നത്.

∙ ഭക്ഷ്യം

റേഷൻ കടകൾ ആധുനിക സംവിധാനത്തോടെ നവീകരിക്കും. റേഷൻ കടകൾ സ്മാർട്ടാകുമ്പോൾ റേഷൻ കാർഡും സ്മാർട്ടാക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.

related stories