Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിസിസി പട്ടിക: തർക്കം തുടരുന്നതിൽ അദ്ഭുതവും

തിരുവനന്തപുരം∙ കെപിസിസി ജനറൽ ബോഡി പട്ടിക സംബന്ധിച്ച തീരുമാനം നീണ്ടുപോകുന്നതിൽ‍ കോൺഗ്രസിൽ ആശങ്കയ്ക്കൊപ്പം അദ്ഭുതവും. സാധാരണഗതിയിൽ, നിയമസഭാ സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ച തർക്കം പോലും ഇത്രയും സങ്കീർണമാകാറില്ല. 282 പേരുടെ പട്ടികയായിട്ടുപോലും അതും തീരാത്തർക്കത്തിനാണു വഴിവച്ചത്. ഇത്രയും പേരടങ്ങുന്ന കെപിസിസി ജനറൽബോഡി ചേരുന്നതു തന്നെ വർഷത്തിലൊരിക്കലോ മറ്റോ ആണ്.

പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനോ, അതിനുള്ള അധികാരം ഹൈക്കമാൻഡിനെ ചുമതലപ്പെടുത്താനോ വേണ്ടിയാണു ജനറൽബോഡിയുടെ ആദ്യയോഗം ചേരുക. ശേഷം ജനറൽബോഡി വിളിച്ചുചേർക്കേണ്ടതു പ്രസിഡന്റിന്റെ വിവേചനാധികാരത്തിൽപെടുന്ന കാര്യമാണ്. കെപിസിസി ജനറൽബോഡിയിൽ അംഗമായാലേ നിർവാഹകസമിതിയിലേക്കും ഭാരവാഹിത്വത്തിലേക്കും പരിഗണിക്കൂ എന്നതാണ് ഇടി കൂടാനുളള ഒരു കാരണമായി പറയപ്പെടുന്നത്. എന്നാൽ, 282 പേരുള്ള വേദിയിലേക്കു തന്നെ കഷ്ടപ്പെട്ടു കടന്നുവരുന്നവരെ പിന്നീട് എങ്ങനെ നിർവാഹകസമിതിയിലേക്കെടുക്കുമെന്നതു യുക്തിസഹമായ ചോദ്യം.

ഇത്തവണ 41 അംഗ നിർവാഹകസമിതി മതിയെന്നാണ് എഐസിസി നിർദേശം. ഭാരവാഹികളുടെ എണ്ണവും ഈ അനുപാതത്തിലാവും. അതുകൊണ്ടു തന്നെ, ജനറൽബോഡിയിലംഗമായതുകൊണ്ട് മുകളിലേക്കു വീണ്ടും ഉയരാമെന്ന പ്രതീക്ഷ യാഥാർഥ്യമാക്കുക എളുപ്പമല്ല. പ്രധാനനേതാക്കളിൽ ഭൂരിഭാഗത്തിനും ജനറൽബോഡിയിൽ ഇടംനൽകിയിട്ടുണ്ടെന്ന അവകാശവാദമാണ് എ–ഐ ഗ്രൂപ്പുകൾക്കുള്ളത്. എന്നാൽ, തങ്ങൾ നിർദേശിച്ചവരെ തഴഞ്ഞു എന്ന പരാതിയാണ് ഗ്രൂപ്പുകൾക്കു പുറത്തുള്ള നേതാക്കൾക്ക്. ഇതും കൂടി കണക്കിലെടുത്തുള്ള മാറ്റത്തിന് എതിരല്ലെന്നു ഗ്രൂപ്പുകൾ പറയുന്നുവെങ്കിലും പട്ടികയിൽ ആദ്യം ഉൾപ്പെട്ടവരെ ഒഴിവാക്കിയാൽ അത് അതൃപ്തിക്കു കാരണവുമാകും. തർക്കം കനത്തതോടെ വനിതാ, ദലിത് പ്രാതിനിധ്യ പ്രശ്നവും കീറാമുട്ടിയായി.