Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിക്കാരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം പിണറായി ഏറ്റെടുക്കണം: അമിത് ഷാ

amit-shah തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷാ യാത്രയുടെ സമാപനത്തിൽ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടെ ചേർന്നപ്പോൾ. ചിത്രം മനോരമ

തിരുവനന്തപുരം∙ രാജ്യത്തു സിപിഎം സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലാണു ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്നതെന്നും കേരളത്തിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരുടെ ജീവൻ കവർന്നതിന്റെ ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ‘ജിഹാദി, ചുവപ്പു ഭീകരതകൾക്കെതിരെ’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷാ യാത്രയുടെ സമാപനം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമാപന പദയാത്രയിൽ കുമ്മനത്തോടൊപ്പം അണിചേർന്ന അമിത് ഷാ, അഴിമതിയുടെ പേരിലാണു കോൺഗ്രസ് അസ്തമിക്കുന്നതെങ്കിൽ കൊലപാതകങ്ങളുടെ പേരിലാകും സിപിഎം ഇല്ലാതാകാൻ പോകുന്നതെന്നു പ്രസംഗത്തിൽ മുന്നറിയിപ്പു നൽകി. അക്രമത്തിലൂടെ ബിജെപിയെ അടിച്ചമർത്താൻ സിപിഎമ്മിനു കഴിയില്ല. പിണറായിക്കു കേരള ജനത നൽകിയ പിന്തുണ നിഷ്കളങ്കരായ ബിജെപിക്കാരെ ഇല്ലാതാക്കാനാണോ? പിണറായി അധികാരമേറ്റശേഷം മാത്രം 13 ആർഎസ്എസ്, ബിജെപി പ്രവർത്തകരാണു കേരളത്തിൽ കൊല്ലപ്പെട്ടത്. കൂടുതൽ പേരും പിണറായി വിജയന്റെ ജില്ലയിലാണ്.

ബിജെപിയുമായി ഏറ്റുമുട്ടലാണു സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ അതു വികസനത്തിന്റെയും ദാരിദ്ര്യനിർമാർജനത്തിന്റെയും പേരിലാകണം. കേരളത്തിൽ സിപിഎം ഭരിക്കുമ്പോൾ മാത്രമാണു ബിജെപി പ്രവർത്തകർക്കെതിരെ അക്രമം. ജനരക്ഷായാത്രയിൽ പരിഭ്രാന്തനായ മുഖ്യമന്ത്രി സോളർ അന്വേഷണ റിപ്പോർട്ടിന്മേലുള്ള നടപടി മന്ദഗതിയിലാക്കി കോൺഗ്രസുമായി ഒത്തുകളിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

തലയിൽ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലായ കോൺഗ്രസിന്റെ പതനം പൂർത്തിയായെന്നും നിയമലംഘനങ്ങളുടെ ഘോഷയാത്രയാണു പിണറായി സർക്കാരിനു കീഴിലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കഴിഞ്ഞ മൂന്നിനു പയ്യന്നൂരിൽ ആരംഭിച്ച യാത്ര 11 ജില്ലകളിലൂടെ 140 കിലോമീറ്റർ പിന്നിട്ടാണു തലസ്ഥാനത്തെത്തിയത്.

ആയിരങ്ങൾ പങ്കെടുത്ത സമാപന യാത്രയിൽ കേന്ദ്രമന്ത്രിമാരായ അൽഫോൻസ് കണ്ണന്താനം, പൊൻ രാധാകൃഷ്ണൻ, അശ്വിനി കുമാർ ചൗബേ, എംപിമാരായ റിച്ചാർഡ് ഹേ, സുരേഷ് ഗോപി, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ഘടകകക്ഷി നേതാക്കളായ സി.കെ.ജാനു, പി.സി.തോമസ്, രാജൻ ബാബു, മെഹബൂബ്, വി.വി.രാജേന്ദ്രൻ, കെ.കെ.പൊന്നപ്പൻ, കുരുവിള മാത്യൂസ്, ബിജെപി നേതാക്കളായ ബി.എൽ.സന്തോഷ്, എച്ച്.രാജ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ്, പി.എസ്.ശ്രീധരൻപിള്ള, എം.ടി.രമേശ്, എസ്.സുരേഷ് തുടങ്ങിയവരും അണിചേർന്നു.