Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനം രക്ഷിക്കുമോയെന്ന വിലയിരുത്തലിലേക്ക് ബിജെപി

janaraksha-yathra ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷാ യാത്രയുടെ സമാപനച്ചടങ്ങ് തിരുവനന്തപുരത്ത് നടന്നപ്പോൾ അദ്ദേഹത്തോടൊപ്പം പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, വി.മുരളീധരൻ തുടങ്ങിയവർ.

തിരുവനന്തപുരം∙ ആവേശകരമായ അന്തരീക്ഷത്തിൽ കൊടിയിറങ്ങിയ ജനരക്ഷായാത്ര പാർട്ടിക്ക് എത്രകണ്ടു രക്ഷയായെന്ന വിലയിരുത്തലിലേക്കു ബിജെപി കേന്ദ്ര– സംസ്ഥാന നേതൃത്വങ്ങൾ കടക്കുകയാണ്. കോർകമ്മിറ്റി ഉടൻ ചേരും. ആർഎസ്എസും സമാന്തര വിവരശേഖരണം നടത്തും. മെഡിക്കൽ കോളജ് അഴിമതി വിവാദത്തിൽ നിന്നു ശ്രദ്ധ തിരിക്കാനും അണികളുടെ ആത്മവീര്യമുയർത്താനും കേന്ദ്രനേതൃത്വം നേരിട്ടു തന്നെ തീരുമാനിച്ചതാണു യാത്ര.

പ്രവർത്തകരുടെയും അണികളുടെയും പങ്കാളിത്തത്തെക്കുറിച്ചു പൊതുവെ നേതൃത്വത്തിനു മതിപ്പുണ്ട്. ബിജെപിയുടെ ഒരു രാഷ്ട്രീയ പ്രചാരണത്തിനും മുൻപ് നൽകാത്ത പിന്തുണ ആർഎസ്എസിൽ നിന്നുണ്ടായി. ഇതെല്ലാം പക്ഷേ ജനങ്ങളിൽ എത്രമാത്രം സ്വാധീനമുണ്ടാക്കി എന്നതിനു കൃത്യമായ ഉത്തരം നേതൃത്വത്തിനില്ല. ബിജെപിയുടെയും സംഘപരിവാറിന്റെയും പരിപാടികൾ അതിനു പുറത്തുള്ളവരെ ആകർഷിക്കാത്തതാണു കേരളത്തിലെ മുരടിപ്പിന് ഒരു കാരണമായി നേതൃത്വം സ്വയം വിമർശനപരമായി നേരത്തെ വിലയിരുത്തിയിട്ടുള്ളത്. ഇത്തവണ അതിനു പുറമെ കേന്ദ്രനേതാക്കളുടെ വിവാദ പ്രസ്താവനകൾ അവർക്കിടയിൽ ആശങ്കകൾ ഉയർത്തിയോ എന്ന ചോദ്യം നേതൃത്വം അഭിമുഖീകരിക്കുകയും ചെയ്യുന്നു.

കേന്ദ്ര നേതൃനിര അപ്പാടെ എത്തിയത് അതേസമയം പാർട്ടി കേരളത്തിനു നൽകുന്ന പരിഗണന പ്രതിഫലിപ്പിക്കുന്നതുമായി. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ദേശീയതലത്തിൽ ആരംഭിച്ച പ്രചാരണത്തിനു കൂടുതൽ ശ്രദ്ധ കൈവരിക്കാൻ കഴിഞ്ഞുവെന്നു നേതാക്കൾ അവകാശപ്പെടുന്നു. അമിത് ഷായുടെ ഇന്നലത്തെ പ്രസംഗത്തിലും ഉന്നമിട്ടത് സിപിഎമ്മിനെ തന്നെ. നേരത്തെ ഇടതു–വലതുമുന്നണികൾ ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന നിലയിലുള്ള പ്രചാരണരീതിയായിരുന്നു കേരളത്തിലെങ്കിൽ ഇപ്പോൾ സിപിഎമ്മിനെ കടന്നാക്രമിക്കുന്ന ശൈലിയിലേക്കു മാറി. അതു വേങ്ങരയിലടക്കം ഇടതിനു ഗുണം ചെയ്യുകയാണോ ഉണ്ടായത് എന്നത് ഉത്തരം കിട്ടേണ്ട ചോദ്യം. ‘ജിഹാദി ഭീകരതയ്ക്കെതിരെ’ എന്ന മുദ്രാവാക്യം ഇതാദ്യമായി സ്വീകരിച്ചപ്പോൾ മുസ്‌ലിം സ്വാധീന മണ്ഡലമായ വേങ്ങരയിൽ എസ്ഡിപിഐയ്ക്ക് വോട്ടുകയറുകയും ചെയ്തു. 

ശോഭ കുറച്ച് വേങ്ങര

വേങ്ങരയിലെ വൻ തിരിച്ചടി യാത്രയുടെ ശോഭ കുറച്ചോയെന്ന സംശയവും നേതാക്കൾ പങ്കുവയ്ക്കുന്നു. അവിടെ 8000 വോട്ടെങ്കിലും പ്രതീക്ഷിച്ചു. എസ്ഡിപിഐയുടെ പിന്നിൽ നാലാമതായതോടെ ആകപ്പാടെ അക്കിടി പറ്റിയെന്ന വിലാപം നേതൃത്വത്തിലുണ്ട്. 

എൻഡിഎ പ്രാതിനിധ്യം ആശ്വാസം

ബിഡിജെഎസിന്റെ നേതൃത്വത്തിൽ എൻഡിഎ ഘടകകക്ഷികൾ ഉടക്കി നിൽക്കുന്ന കാഴ്ചയായിരുന്നു യാത്രയുടെ തയാറെടുപ്പിലുണ്ടായിരുന്നതെങ്കിൽ സമാപനസമ്മേളന വേദിയിൽ അവരുടെ പ്രധാന നേതാക്കളെല്ലാമുണ്ടായത് ആശ്വാസമായി. ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കു പ്രത്യേക പരിഗണന നൽകാൻ‍ ബിജെപി ശ്രദ്ധിക്കുകയും ചെയ്തു. യാത്രയ്ക്കുശേഷം സംഘടനാതലത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നേരത്തെയുണ്ട്. മകൻ ജയ്ഷാക്കെതിരെ ആക്ഷേപങ്ങളുയർന്ന സാഹചര്യത്തിൽ കേരളത്തിൽ വൻ അഴിച്ചുപണി കാർക്കശ്യത്തോടെ നടപ്പാക്കാൻ അമിത് ഷാ മുതിരുമോയെന്നതു കണ്ടറിയേണ്ടത്.

related stories