Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണു കേസിൽ ഉദയഭാനുവിനെ മാറ്റണമെന്നു പൊലീസ് റിപ്പോർട്ട്

തൃശൂർ ∙ ജിഷ്ണു പ്രണോയ് കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു സി.പി.ഉദയഭാനുവിനെ മാറ്റണമെന്നാവശ്യപ്പെട്ടു സർക്കാരിനു പൊലീസ് റിപ്പോർട്ട് നൽകി. ചാലക്കുടി രാജീവ് വധക്കേസിൽ ഉദയഭാനു പ്രതിയായ സാഹചര്യത്തിലാണ് നടപടി.

ജിഷ്ണു കേസ് അന്വേഷിക്കുന്ന സംഘത്തിലംഗമായ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാജീവ് വധക്കേസിലെ സാക്ഷിയാണ്. വ്യത്യസ്ത കേസുകളിലാണെങ്കിലും പ്രതിയും സാക്ഷിയും ഒന്നിച്ചു പ്രവർത്തിക്കേണ്ടി വരുന്നതിലെ വൈരുധ്യവും പൊലീസ് റിപ്പോർട്ടിന് ഇടയാക്കിയതായി വിവരമുണ്ട്.

ചേലക്കര പാമ്പാടി നെഹ്റു കോളജിൽ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണുവിന്റെ ദുരൂഹ മരണക്കേസിൽ വീട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് ഉദയഭാനുവിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. ജിഷ്ണുവിന്റെ അമ്മ മഹിജ ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

കേസന്വേഷണത്തിലും നടത്തിപ്പിലും ജാഗ്രത പുലർത്തണമെന്ന നിർദേശത്തോടെയാണ് സർക്കാർ ഉദയഭാനുവിന്റെ നിയമനം പ്രഖ്യാപിച്ചത്. എന്നാൽ, രാജീവ് വധക്കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ഉദയഭാനുവിനെ മാറ്റണമെന്നു പൊലീസ് നിലപാടെടുത്തു. രാജീവ് കൊല്ലപ്പെട്ട ദിവസം മുഖ്യപ്രതി ചക്കര ജോണിയും ഉദയഭാനുവും തമ്മിൽ 19 തവണ ഫോൺവിളികൾ ഉണ്ടായെന്ന സൈബർസെൽ കണ്ടെത്തലും പൊലീസ് റിപ്പോർട്ടിൽ പര‍ാമർശിക്കപ്പെടുന്നു.