Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുന്നപ്ര–വയലാർ വാരാചരണം: സിപിഐ–സിപിഎം ഭിന്നത പരിഹരിക്കാൻ ഇന്നു യോഗം

cpm-cpi-flags

ആലപ്പുഴ ∙ പുന്നപ്ര–വയലാർ രക്തസാക്ഷി ദിനാചരണം സംബന്ധിച്ചു സിപിഐയും സിപിഎമ്മും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഇന്നു ചേരുന്ന ജില്ലാ എൽഡിഎഫ് യോഗത്തിൽ ശ്രമം ഉണ്ടായേക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന ജാഥയുടെ നടത്തിപ്പു ചർച്ച ചെയ്യാനാണ് എൽഡിഎഫ് യോഗം ചേരുന്നതെങ്കിലും പ്രാദേശിക തലത്തിൽ ഇരുപാർട്ടികളും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമമുണ്ടായേക്കും. 

മുഹമ്മ കഞ്ഞിക്കുഴിയിൽ അടുത്തിടെ ഇരു പാർട്ടികളുടെ നേതാക്കളും തമ്മിലുണ്ടായ തർക്കം മൂർച്ഛിച്ചാണു രക്തസാക്ഷി ദിനാചരണം ഒറ്റയ്ക്കു നടത്തുന്നതിൽ വരെ കാര്യങ്ങൾ എത്തിയത്. കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിൽ ചേർന്ന പ്രാദേശിക യോഗത്തിൽ, സംഘർഷത്തിൽ പങ്കെടുത്ത നേതാവിനെ സംഘാടക സമിതിയിലേക്കു സിപിഐ നിർദേശിച്ചു. ഇതിനെ സിപിഎം എതിർത്തതോടെ രക്തസാക്ഷി വാരാചരണം ഒറ്റയ്ക്കു നടത്താൻ സിപിഐ തീരുമാനിക്കുകയായിരുന്നു. 

രണ്ടു പാർട്ടികളുടെയും ജില്ലാ കമ്മിറ്റികൾ പ്രശ്നം ചർച്ച ചെയ്യുന്നുണ്ട്. വാരാചരണം സംയുക്തമായി നടത്താൻ തന്നെയാണു ജില്ലാ നേതൃത്വങ്ങളുടെ തീരുമാനം. പ്രാദേശിക നേതൃത്വങ്ങളെ ചർച്ചയിലൂടെ അനുനയിപ്പിക്കാമെന്നു കരുതുന്നതായി സിപിഐ ജില്ലാ സെകട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. പ്രാദേശിക നേതാക്കളുമായി സംസാരിച്ചു സമവായം തേടുമെന്ന് എൽഡിഎഫ് കൺവീനർ ആർ.നാസർ പറഞ്ഞു.