Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്രമം നടന്നപ്പോൾ ദിലീപ് എവിടെ? ചികിൽസയിലെന്നു വരുത്താൻ പ്രതിഭാഗം ശ്രമിക്കുന്നെന്നു പൊലീസ്

Dileep

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ചിത്രങ്ങൾ പകർത്തിയ ദിവസം കേസിലെ പ്രതിയായ നടൻ ദിലീപ് എവിടെയായിരുന്നു? കേസിലെ ഗൂഢാലോചന സംബന്ധിച്ച നിർണായകമാകാവുന്ന ഇൗ ചോദ്യത്തിന് ഉത്തരം തേടുകയാണു പ്രോസിക്യൂഷൻ. കേസിൽ പ്രതിഭാഗം ആയുധമാക്കാൻ സാധ്യതയുള്ള ഈ വിഷയത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന നിർദേശം പൊലീസിനു ലഭിച്ചിരുന്നു. കുറ്റകൃത്യം നടന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കുന്ന സമയം, ആരോപണവിധേയനായ വ്യക്തി മറ്റെവിടെയെങ്കിലുമായിരുന്നെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നതു ക്രിമിനൽ പ്രോസിക്യൂഷനിൽ പ്രതിഭാഗത്തിന്റെ തുറുപ്പുചീട്ടാണ്.

‘ആലബൈ’ എന്നാണു നിയമത്തിൽ ഇതിനെ പറയുന്നത്. ഫെബ്രുവരി 17നു രാത്രി എട്ടരയ്ക്കും ഒൻപതിനും ഇടയിലാണു പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയത്. അതിനു മുൻപുള്ള ദിവസം മുതൽ നടൻ ദിലീപ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണെന്നു വരുത്തിത്തീർക്കാൻ ബോധപൂർവം ശ്രമിച്ചതായാണു പൊലീസിന്റെ നിലപാട്. 14 മുതൽ ദിലീപ് ആശുപത്രിയിൽ ചികിൽസ തേടിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ആശുപത്രി രേഖകളി‍ൽ 17നു ദിലീപ് ആശുപത്രിയിൽ ചികിൽസ തേടിയിട്ടുമുണ്ട്.

കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ ഇത് എത്രമാത്രം പ്രധാനമാണെന്ന ചോദ്യത്തിനും പൊലീസിനു മറുപടിയുണ്ട്. സംഭവദിവസം പകലും രാത്രിയുമായി പല നമ്പറുകളി‍ൽ നിന്നു ദിലീപ് നടത്തിയ ഫോൺ സംഭാഷണങ്ങളും അപ്പോഴത്തെ ടവർ ലൊക്കേഷനും കേസിൽ നിർണായകമാണെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു.

കേസിൽ ‘ആലബൈ’ സൃഷ്ടിക്കാൻ കുറ്റകൃത്യത്തിനു മുൻപുതന്നെ ദിലീപ് ശ്രമിച്ചതിനുള്ള തെളിവായി ഇക്കാര്യം കുറ്റപത്രത്തിൽ അവതരിപ്പിക്കാനാണു പൊലീസിനു ലഭിച്ച നിയമോപദേശം. ആശുപത്രി ജീവനക്കാർ, ഡോക്ടർമാർ എന്നിവരടക്കമുള്ളവരുടെ മൊഴികൾ പൊലീസ് എടുത്തിട്ടുണ്ട്.

കേസിൽ പ്രോസിക്യൂഷന്റെ നിലപാടുകളെ തകർക്കാൻ പ്രതിഭാഗം ഏതു പരിധിവരെയും പോകുമെന്ന നിഗമനത്തിലാണു കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരും മേലുദ്യോഗസ്ഥരുമായുള്ള അനൗപചാരിക ചർച്ചകൾ ഇന്നലെയും തുടർന്നു. സാക്ഷിമൊഴികൾ പൂർണമായി രേഖപ്പെടുത്തിയശേഷം കുറ്റപത്രം സമർപ്പിക്കും.

related stories