Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സ് സമരം: ചേർത്തല കെവിഎം ആശുപത്രി പ്രവർത്തനം നിർത്തി

ചേർത്തല ∙ നഴ്സുമാരുടെ സമരത്തെ തുടർന്നു ചേർത്തല കെവിഎം ആശുപത്രി പ്രവർത്തനം അവസാനിപ്പിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു.

ആശുപത്രിക്കു മുന്നിൽ രണ്ടു മാസമായി തുടരുന്ന നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ തോമസ് ഐസക്, പി.തിലോത്തമൻ എന്നിവരുടെയും കലക്ടർ ടി.വി.അനുപമയുടെയും നേതൃത്വത്തിൽ ബുധനാഴ്ച നടത്തിയ ചർച്ച വിജയിച്ചിരുന്നില്ല. തുടർന്ന് എഐവൈഎഫിന്റെ നേതൃത്വത്തിൽ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസറുടെ വീട്ടിലേക്കു രാത്രിയിൽ പ്രകടനം നടത്തുകയും ഇന്നലെ രാവിലെ കെവിഎം ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ തടയുകയും ചെയ്തിരുന്നു. തുടർന്നു ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് ആശുപത്രി അടച്ചിടാൻ തീരുമാനിച്ചത്.

നിയമാനുസൃതം പരിശീലനം പൂർത്തിയാക്കി സേവനം അവസാനിപ്പിച്ച രണ്ടു നഴ്സുമാരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നു ഡയറക്ടർ ഡോ. വി.വി.ഹരിദാസ് പറഞ്ഞു.

350 കിടക്കകളുള്ള ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ള രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് ആശുപത്രി പ്രവർത്തനം അവസാനിപ്പിക്കും. രോഗികളെ ഇന്നലെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു തുടങ്ങി. അതേസമയം, സമരം കൂടുതൽ ശക്തമാക്കി മുന്നോട്ടുപോകുമെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ആശുപത്രി പ്രവർത്തനം അവസാനിപ്പിക്കുന്നതായ പ്രചാരണം മാനേജ്മെന്റിന്റെ ഗൂഢതന്ത്രമാണെന്ന് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബ് പറഞ്ഞു.