Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേങ്ങരയിൽ പരമ്പരാഗത വോട്ടിൽ ചോർച്ചയില്ല: ലീഗ് സെക്രട്ടേറിയറ്റ്

Vengara By-election

കോഴിക്കോട് ∙ വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ പരമ്പരാഗത വോട്ടുകളിൽ ചേർച്ചയുണ്ടായിട്ടില്ലെന്ന് ലീഗ് സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.  തിരഞ്ഞടുപ്പു വിജയത്തിൽ പാർട്ടിക്കു പൂർണ തൃപ്തിയാണുള്ളതെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും പറഞ്ഞു.

നിഷ്‌പക്ഷ വോട്ടുകൾ ചോർന്നതു സംബന്ധിച്ച് ബൂത്തടിസ്‌ഥാനത്തിലുള്ള കണക്കുകൾ ശേഖരിച്ച ശേഷം മലപ്പുറം ജില്ലാ കമ്മിറ്റി വിലയിരുത്തൽ നടത്തും. വേങ്ങര മണ്ഡല രൂപീകരണത്തിനുശേഷം നടന്ന അഞ്ചു തിരഞ്ഞെടുപ്പുകളിൽ മൂന്നെണ്ണത്തിലും ഇതേ തോതിലുള്ള വോട്ടുകളാണ് ലഭിച്ചത്. ഇ. അഹമ്മദും പി.കെ. കുഞ്ഞാലിക്കുട്ടിയും മത്സരിച്ചപ്പോഴാണ് ഭൂരിപക്ഷത്തിൽ മാറ്റമുണ്ടായത്.  2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ നിന്നു ലഭിച്ച ഭൂരിപക്ഷമാണ് ഇപ്പോഴും കിട്ടിയിട്ടുള്ളത്.

 യുഡിഎഫ് ഭരണത്തിലുള്ളപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ആണ് ജയിച്ചത്.  ഇടതു മുന്നണി ഭരണത്തിലിരിക്കുമ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനാണ് വിജയമുണ്ടായത്. സംസ്‌ഥാന സർക്കാരിനേറ്റ തിരിച്ചടിയാണിത്. മുസ്‌ലിം ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞതാണ് ഇപ്പോൾ വലിയ വാർത്ത. അതു തങ്ങളുടെ ശക്‌തിയാണ് കാണിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സോളർ കേസിനെ മുസ്‌ലിം ലീഗ് രാഷ്‌ട്രീയമായി നേരിടുമെന്ന് നേതാക്കൾ അറിയിച്ചു.ഒരാൾ പറഞ്ഞ കാര്യം മാത്രം അടിസ്‌ഥാനമാക്കിയാണ് കേസെടുക്കാനുള്ള തീരുമാനമെടുത്തത്.

വോട്ടുചോർച്ച യൂത്ത് ലീഗ് പ്രവർത്തകസമിതിയിൽ ചർച്ചയായി

കോഴിക്കോട് ∙ വേങ്ങര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വോട്ടുചോർച്ച യൂത്ത് ലീഗ് സംസ്ഥാന പ്രവർ‌ത്തക സമിതി യോഗത്തിൽ സജീവ ചർച്ചയായതായി സൂചന. എങ്ങനെ വോട്ടു ചോർന്നു എന്ന കാര്യത്തിൽ വിശദമായ പരിശോധന വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടെന്നും സ്ഥാനാർഥി നിർണയത്തിൽ യൂത്ത് ലീഗിനെ പരിഗണിച്ചില്ലെന്ന വിമർശനമുയർന്നെന്നും പറയുന്നു.

യുവാക്കൾക്കു പരിഗണന നൽകി പ്രവർത്തകർക്ക് താൽപര്യമുള്ള ആളുകളെ സ്ഥാനാർഥികളാക്കിയാലേ മികച്ച നേട്ടമുണ്ടാക്കാനാകൂ എന്നും അല്ലാത്ത തീരുമാനങ്ങൾ തിരിച്ചടിക്ക് കാരണമാകുമെന്നും യോഗം വിലയിരുത്തിയതായാണ് സൂചന. എന്നാൽ ഇത്തരത്തിലുള്ള ചർച്ചകൾ നടന്നിട്ടില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികൾ വിശദീകരിച്ചു.