Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ നാലുപേർക്ക്; ഇതാ, മരണം ഇവിടെ തോറ്റുപോയിരിക്കുന്നു !

organ-donation-Binu

കൊച്ചി/ കോഴിക്കോട്/ കോട്ടയം∙ മരണത്തിലും മറവിയിലും മാഞ്ഞുപോകില്ല ബിനു കൃഷ്ണൻ. വൈറ്റില ഐഎസ്എൻ റോഡ് മാപ്രയിൽ ബിനുകൃഷ്ണൻ (35) നാലുപേരിലൂടെ ഇനിയും ജീവിക്കും. മസ്തിഷ്‌കമരണം സംഭവിച്ച ബിനുവിന്റെ ഹൃദയം, കരൾ, രണ്ടു വൃക്കകൾ, പാൻക്രിയാസ് എന്നിവ കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ ആശുപത്രികളിലെ നാലുപേർക്കു മാറ്റിവച്ചു.

ശനിയാഴ്ച സുഹൃത്തിനോടൊപ്പം ബൈക്കോടിച്ചു വരുമ്പോൾ കഠിനമായ തലവേദന അനുഭവപ്പെട്ട ബിനുവിനെ ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച അർധരാത്രിയോടെ സർക്കാർ ഡോക്ടറടങ്ങുന്ന സംഘം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ (കേരള നെറ്റ്‌വർക് ഫോർ ഓർഗൻ ഷെയറിങ്) വിവരം അറിയിച്ചു. മൃതസഞ്ജീവനി പ്രതിനിധികളോടു സംസാരിച്ച് ബിനുവിന്റെ ഭാര്യ സിനിയും സഹോദരൻ ബിജുവും അവയവദാനത്തിനു സമ്മതം നൽകുകയായിരുന്നു.

ആസ്റ്റർ മെഡ്‌സിറ്റിയിൽനിന്നു ഹൃദയം ഹെലികോപ്റ്ററിൽ കരിപ്പൂരിലെത്തിച്ച് അവിടെനിന്ന് ആംബുലൻസിലാണ് കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷനൽ കാർഡിയാക് സെന്ററിലേക്കു കൊണ്ടുപോയത്. മൂന്നരയോടെ കോഴിക്കോട് സ്വദേശി സിനോജിനു ഹൃദയം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന പത്തനംതിട്ട റാന്നി സ്വദേശി വി.ജി. ജയകുമാറിന് (48) ആണ് ഒരു വൃക്ക മാറ്റിവച്ചത്. രണ്ടാമത്തെ വൃക്കയും പാൻക്രിയാസും അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള കോട്ടയം മണിമല സ്വദേശിനിയായ സൂര്യ അശോകിനു (31) നൽകി. കരൾ ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലുള്ള ശാസ്തമംഗലം സ്വദേശി സുരേഷ്‌കുമാറിനും (48) നൽകി.

ഇന്നലെ രാവിലെ പത്തരയോടെയാണ് അവയവങ്ങൾ വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയ ഡോ. മാത്യു ജേക്കബ്ബിന്റെ നേതൃത്തിൽ ആരംഭിച്ചത്. ആസ്റ്റർ, അമൃത, മെട്രോ ആശുപത്രികളിലെ ഡോക്ടർമാരായ നൗഷിഫ്, രോഹിത്, ശിശിർ, അശോക്, ബിനോജ്, ജോൺസ്, അഭിഷേക് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഉച്ചയോടെ അവയവങ്ങൾ വിവിധ ആശുപത്രികളിലേക്ക് അയച്ചു. ബിനുവിന്റെ മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

പരേതനായ കൃഷ്ണന്റെയും അമ്മിണിയുടെയും മകനാണ്. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്നു. ഇതേ കമ്പനിയിലാണ് ഭാര്യ സിനിയും ജോലി ചെയ്യുന്നത്. നാലര വയസ്സുള്ള മകനുണ്ട്.

മന്ത്രി കെ.കെ. ശൈലജ, ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവർ അവയവദാന പ്രക്രിയ സുഗമമാക്കാൻ വേണ്ട നടപടികൾ എടുത്തു. എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കലക്ടർമാർ, പൊലീസ് മേധാവികൾ എന്നിവർ അവയവങ്ങൾ കൊണ്ടുപോകാൻ ഗ്രീൻ കോറിഡോർ ഒരുക്കി. മൃതസഞ്ജീവനി സംസ്ഥാന കൺവീനർ ഡോ. തോമസ് മാത്യു, നോഡൽ ഓഫിസർ ഡോ. നോബിൾ ഗ്രേഷ്യസ്, കോഓർഡിനേറ്റർ എസ്. ശരണ്യ എന്നിവർ ക്രമീകരണങ്ങൾ നടത്തി.