Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ പാർക്ക് ഉപേക്ഷിച്ചു; 70 കോടിയുടെ സബ്സ്റ്റേഷൻ പാഴായി, 900 കോടി കേന്ദ്രസഹായവും നഷ്ടം

solar

തിരുവനന്തപുരം∙ കേന്ദ്രസർക്കാർ അനുവദിച്ച ഏക സോളർ പാർക്ക് പദ്ധതി ഉപേക്ഷിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേരളത്തിന് ഇരട്ടപ്രഹരം. 200 മെഗാവാട്ടിന്റെ സോളർ പാർക്ക് വരുമെന്നു പ്രതീക്ഷിച്ചു കാസർകോട്ട് 70 കോടിയോളം രൂപ ചെലവഴിച്ചു വൈദ്യുതി ബോർഡ് നിർമിച്ച 220 കെവി സബ്സ്റ്റേഷൻ പാഴായി. പുറമേ, സംസ്ഥാനത്തിനു 900 കോടി രൂപയുടെ കേന്ദ്ര സഹായവും നഷ്ടമാവും.

കർണാടകയും ആന്ധ്രയും ഗുജറാത്തും 4,000 മെഗാവാട്ടിന്റെ സോളർ പാർക്കുകൾ സ്ഥാപിക്കുമ്പോൾ രണ്ടു ഘട്ടമായി 400 മെഗാവാട്ടിന്റെ സോളർ പാർക്ക് ആണു സംസ്ഥാന സർക്കാർ കാസർകോട്ട് സ്ഥാപിക്കാനിരുന്നത്. പ്രാദേശിക കാരണങ്ങളുടെ പേരിൽ കഴിഞ്ഞ മന്ത്രിസഭാ യോഗം ഇത് 50 മെഗാവാട്ട് ആയി കുറയ്ക്കാൻ തീരുമാനിച്ചതോടെ കേന്ദ്ര പദ്ധതിയിൽ നിന്നു സംസ്ഥാനം പുറത്തായി.

ഇതോടെ വിപുലമായ സോളർ പാർക്ക് പദ്ധതി കേവലം ചെറിയ സൗരോർജനിലയമായി മാറും. കുറഞ്ഞത് 200 മെഗാവാട്ട് ഉൽപാദിപ്പിച്ചാലേ സോളർ പാർക്ക് ആയി കേന്ദ്രം അംഗീകരിക്കൂ. കേരളത്തിനു വേണ്ടിയാണ് 500 മെഗാവാട്ട് എന്ന നിബന്ധന 200 ആയി കേന്ദ്രം കുറച്ചുകൊടുത്തത്.

സോളർ പാർക്ക് സ്ഥാപിക്കുമ്പോൾ ഒരു മെഗാവാട്ടിനു പരമാവധി 50 ലക്ഷം രൂപ വരെ കേന്ദ്രം നൽകും. ഈയിനത്തിൽ 200 കോടി രൂപ വരെ ലഭിക്കുമായിരുന്നു. പുറമേ, കാസർകോട്ടു നിന്നു വൈദ്യുതി കൊണ്ടുപോകുന്നതിന് 1200 കോടി രൂപ ചെലവിൽ ഹരിതോർജ ഇടനാഴി (400 കെവി ലൈൻ) സ്ഥാപിക്കാൻ 700 കോടി രൂപയാണു കേന്ദ്രം സബ്സിഡിയായി അനുവദിച്ചിരുന്നത്.

50 മെഗാവാട്ട് പദ്ധതിക്ക് ഇതിന്റെ ആവശ്യമില്ല. ബോർഡ് നിർമിച്ച 220 കെവി സബ്സ്റ്റേഷനും 50 മെഗാവാട്ടിന്റെ പദ്ധതിക്കു വേണ്ട. സോളർ പാർക്കിൽ ഒരു മെഗാവാട്ട് ഉൽപാദിപ്പിക്കാൻ അഞ്ച് ഏക്കർ സ്ഥലം വേണം. ഇതനുസരിച്ച് രണ്ടു ഘട്ടമായി 1000 ഏക്കർ വീതം മൊത്തം 2000 ഏക്കറാണ് ആവശ്യം. ഇതിനായി സർക്കാർ ഉടമസ്ഥതയിലുള്ള തരിശുഭൂമി കണ്ടെത്തിയിരുന്നു.

കേന്ദ്ര ഏജൻസിയായ ഐആർഇഡിഎ ആണ് ആദ്യഘട്ടം 50 മെഗാവാട്ട് പദ്ധതി നിർമിച്ചത്. ഇതു പ്രവർത്തിച്ചുതുടങ്ങി. രണ്ടാം ഘട്ടം 50 മെഗാവാട്ട് പൊതുമേഖലാ സ്ഥാപനമായ തേഹ്‌രി ഹൈഡ്രോ പവർ കോർപറേഷൻ നിർമിക്കാൻ കരാറായിരുന്നു. തുടർന്നുള്ള ഘട്ടങ്ങൾ ടെൻഡർ ചെയ്തു കൊടുക്കാനിരിക്കെയാണു പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം.

പരിസ്ഥിതി പ്രശ്നങ്ങൾമൂലം ജലവൈദ്യുത പദ്ധതികളും കൽക്കരി നിലയങ്ങളും സ്ഥാപിക്കാൻ സാധിക്കാതിരിക്കെയാണ് കേരളം കേന്ദ്ര സൗരോർജ പദ്ധതിയിലേക്കു നീങ്ങിയത്. പുതിയ തീരുമാനത്തോടെ പരിസ്ഥിതി സൗഹാർദ വൈദ്യുത ഉൽപാദനവും അസാധ്യമായി. ഇനി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുകയേ നിർവാഹമുള്ളു.