Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകർക്ക് ഇരുട്ടടിയായി സർക്കാർ നിർദേശം; വിത്ത് സബ്സിഡി തിരിച്ചടയ്ക്കണം

paddy-rakthasali

ആലപ്പുഴ ∙ മഴക്കെടുതിയും രോഗബാധയും സംഭരണത്തിലെ പോരായ്മകളും മൂലം ക്ലേശത്തിലായ കർഷകരോടു കഴിഞ്ഞതവണ വിത്തിനു ലഭിച്ച സബ്സിഡി തിരിച്ചടയ്ക്കാൻ സർക്കാർ നിർദേശം. അടുത്ത കൃഷിയിറക്കുന്നതിനു വിത്തും വളവും വാങ്ങാൻ എന്തു ചെയ്യുമെന്നറിയാതെ ദുരിതത്തിലായ കർഷകർക്ക് ഇരുട്ടടിയാണിത്. 

ഒരു കിലോ വിത്തിനു 40 രൂപയാണു വില. ഒരു ഹെക്ടറിനു 100 കിലോ വിത്തുവരെ സബ്സിഡി നിരക്കിൽ സർക്കാർ നൽകും. രാഷ്ട്രീയ കൃഷിവിജ്ഞാൻ യോജനയിൽ ഉൾപ്പെടുത്തി കഴിഞ്ഞ തവണ അനുവദിച്ച സബ്സിഡി തുക ഇതുവരെ ലഭിക്കാത്തതിനാൽ, അതുപ്രകാരം നൽകിയ 18 രൂപ വീതം സബ്സിഡി തുക തിരികെ കൃഷിഭവനിൽ അടയ്ക്കാനാണു നിർദേശം. 

അടുത്ത വിതയ്ക്കുള്ള വിത്തിനും ഇൗ സബ്സിഡി ലഭ്യമല്ലാത്തതിനാൽ കിലോയ്ക്കു 19 രൂപ വീതവും അടയ്ക്കണം. അതായത്, വിത്തിനത്തിൽ മാത്രം കർഷകർ ഉടൻ കണ്ടെത്തേണ്ടതു 37 രൂപ.

കർഷകർക്ക് കിട്ടാൻ കോടികൾ

പലയിനങ്ങളിലായി കോടിക്കണക്കിനു രൂപ കർഷകർക്കു കുടിശിക നിൽക്കേയാണു സബ്സിഡി തിരിച്ചുപിടിക്കാൻ ശ്രമം. പാടത്തെ വെള്ളം വറ്റിക്കുന്നതിനു നൽകുന്ന പമ്പിങ് സബ്സിഡി ആറു കൃഷികളുടേതു ലഭിക്കാനുണ്ട്. ഇതു 15 കോടി രൂപയെങ്കിലും വരും. വരൾച്ച, മഴക്കെടുതി, രോഗബാധ തുടങ്ങിയ ഇനത്തിൽ മുൻകാലങ്ങളിൽ പ്രഖ്യാപിച്ച നഷ്ടപരിഹാരവും നൽകാനുണ്ട്.

മന്ദഗതിയിലായ സംഭരണം

നെല്ലു സംഭരണം മന്ദഗതിയിലായതു കർഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നു. 

രണ്ടാം കൃഷിയുടെ വിളവെടുപ്പു പൂർത്തിയാക്കി അടുത്ത കൃഷിയുടെ പ്രാരംഭ നടപടികൾ ആരംഭിക്കേണ്ട സമയം കഴിഞ്ഞിട്ടും മൂന്നിലൊന്നു പോലും കൊയ്തിട്ടില്ല. കനത്തമഴ തുടരുന്നതു കൊയ്ത്തിനെയും നെല്ലു സംഭരണത്തെയും പ്രതിസന്ധിയിലാഴ്ത്തുന്നു. കൊയ്തിട്ട നെല്ലിലെ ഇൗർപ്പം കൂടുന്നതിനാൽ ഒരു ക്വിന്റൽ അളക്കുമ്പോൾ 15 കിലോ വരെ മില്ലുകാർ അധികം വാങ്ങുന്നു. 

ഒരു കിലോയ്ക്കു 23.30 രൂപയാണു സപ്ലൈകോ നൽകുന്നത്. കിലോയ്ക്കു 18 രൂപ നൽകി മില്ലുകാർ കുറുക്കുവഴിയിൽ നേരിട്ടു സംഭരിക്കുന്നുമുണ്ട്. കൊയ്തിട്ട നെല്ലു വിറ്റുപോയില്ലെങ്കിൽ ഉണ്ടാകുന്ന നഷ്ടം പേടിച്ചു കർഷകരും കുറഞ്ഞ വിലയ്ക്കു നെല്ലു നൽകുന്നു. 

സപ്ലൈകോയുടെ കണക്ക്

സപ്ലൈകോയുടെ കണക്കനുസരിച്ചു സംസ്ഥാനത്തു 33,858.77 ഹെക്ടർ സ്ഥലത്തെ നെല്ലാണ് ഇത്തവണ കർഷകർ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുവരെ സംഭരിച്ചത് 550 ഹെക്ടറിലേതുമാത്രം. പാലക്കാടു ജില്ലയിൽ നിന്ന് ഒരു ലക്ഷം ടൺ സംഭരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സംഭരിച്ചതു 3000 ടൺ മാത്രം. സപ്ലൈകോ നടപടി അനിശ്ചിതത്വത്തിലായതോടെ ജില്ലയിലെ കർഷകർ 16 മുതൽ 20 വരെ രൂപയ്ക്കാണു നെല്ലു സ്വകാര്യ മില്ലുകാർക്കു വിറ്റത്. 

സപ്ലൈകോയ്ക്ക് എസ്ബിഐ  വായ്പ  250 കോടി

തിരുവനന്തപുരം ∙ നെല്ലിനു വില നൽകുന്നതിനായി സപ്ലൈകോയ്ക്ക് എസ്ബിഐ 250 കോടി രൂപ വായ്പ അനുവദിക്കും. ഇതിനുള്ള കരാർ അടുത്ത ആഴ്ച ഒപ്പിടും. നെല്ലു നൽകി മൂന്നു ദിവസത്തിനുള്ളിൽ കർഷകർക്കു ബാങ്ക് പണം നൽകുമെന്നാണു കരാർ. 

തുകയും പലിശയും മൂന്നു മാസത്തിനുള്ളിൽ സപ്ലൈകോ ബാങ്കിനു നൽകും. നിലവിൽ 55,000 കർഷകരിൽ നിന്നാണു സപ്ലൈകോ നെല്ലു സംഭരിക്കുന്നത്. ഇതിൽ 21,000 പേർക്കും എസ്ബിഐയിലാണ് അക്കൗണ്ട്. ഫെഡറൽ, കാനറ, ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്കുകളും പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലാ സഹകരണ ബാങ്കുകളും നെല്ലു സംഭരണത്തിൽ സപ്ലൈകോയുമായി കരാർ ഒപ്പിട്ടിട്ടുണ്ട്.