Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളപ്പിറവിത്തലേന്നു തോമസ് ചാണ്ടിയുടെ വെല്ലുവിളി: ‘ ഇനിയും നികത്തും’

kanam-and-thomas-chandy ജനജാഗ്രതാ യാത്ര കുട്ടനാട്ടിലെ പൂപ്പള്ളിയിൽ എത്തിയപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി തോമസ് ചാണ്ടിയും. ചിത്രം: ജാക്‌സൺ ആറാട്ടുകുളം.

ആലപ്പുഴ ∙ മാർത്താണ്ഡം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനിയും നികത്തുമെന്നു മന്ത്രി തോമസ് ചാണ്ടി. ഇടതുമുന്നണി ജനജാഗ്രതായാത്രയുടെ കുട്ടനാട്ടിലെ സ്വീകരണത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. 

ജാഥാ ക്യാപ്റ്റൻ കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലെ പ്രസംഗത്തിൽ, കയ്യേറ്റം തെളിയിക്കാൻ വെല്ലുവിളി മുഴക്കിയ ശേഷമായിരുന്നു ഇത്. യാത്ര വെല്ലുവിളികൾക്കുള്ള വേദിയല്ലെന്നു പ്രസംഗത്തിൽ സൂചിപ്പിച്ച സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ അതൃപ്തി തുടർന്നും പ്രകടിപ്പിച്ചു. ഇത്തരം വേദിയിലെ വെല്ലുവിളിയുടെ ഔചിത്യം തോമസ് ചാണ്ടി തീരുമാനിക്കുമെന്നും അതിന്റെ ഉത്തരവാദിത്തം തനിക്കില്ലെന്നും കാനം പിന്നീടു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

തീംപാർക്ക് വിവാദത്തിന്റെ പേരിൽ ഇടത് എംഎൽഎ പി.വി. അൻവറിനെ യാത്രയിൽ നിന്നു മാറ്റി നിർത്തിയ സിപിഎം കുട്ടനാട്ടിൽ തോമസ് ചാണ്ടിയോട് എന്തു നിലപാട് സ്വീകരിക്കുമെന്നതു ചർച്ചയായിരുന്നു. എന്നാൽ കുട്ടനാട്ടിൽ കേരളപ്പിറവിത്തലേന്നു സ്വീകരണത്തിനു നേതൃത്വം നൽകിയ തോമസ് ചാണ്ടി ശക്തമായ വാക്കുകളിലാണ് പ്രതിപക്ഷത്തെയും പരോക്ഷമായി സിപിഐയെയും വിമർശിച്ചത്. 

സമ്മേളനത്തിൽ തോമസ് ചാണ്ടി: ‘ഭൂമി കയ്യേറ്റം സംബന്ധിച്ച് എനിക്കെതിരെ ചെറ‍ുവിരൽപോലും അനക്കാൻ അന്വേഷണ സംഘത്തിനു കഴിയില്ല. ഒരു സെന്റ് കയ്യേറിയെന്നു തെളിയിച്ചാൽ എംഎൽഎ സ്ഥാനംവരെ രാജിവയ്ക്കും. കാര്യങ്ങൾ അറിയാത്ത ചിലർക്കു കൂടി മനസ്സിലാകാനാണു പറയുന്നത്. വേമ്പനാട്ടുകായലും പുന്നമടക്കായലും തോമസ് ചാണ്ടി ചേന്നങ്കരിയിൽ കൊണ്ടുവച്ചിട്ടുണ്ടോയെന്ന് ചിലർ അന്വേഷിച്ചുനടക്കുകയാണ്. രമേശ് ചെന്നിത്തലയുടെ മുഖത്തുനോക്കി ഞാൻ വെല്ലുവിളിച്ചു. ഇനിയും വെല്ലുവ‍ിളിക്കുന്നു. പാലക്കാട്ടുകാരനായ എംഎൽഎക്കൊച്ചൻ അന്ധൻ ആനയെ കണ്ടതുപോലെയാണു മാർത്താണ്ഡം കായലിനെപ്പറ്റി അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മാർത്താണ്ഡംകായൽ കൃഷിക്കാർക്കു പതിച്ചുകൊടുത്തതാണെന്ന് അറിയില്ലായിരിക്കും.’ 

തോമസ് ചാണ്ടി പിന്നീടു മാധ്യമങ്ങളോട്: ‘മാർത്താണ്ഡം കായലിൽ, വഴിയിൽ മണ്ണിട്ടുവെന്നു പറഞ്ഞാൽ നികത്തിയെന്നല്ലല്ലോ. എന്റെ വീടിന്റെ ഒരു വശം താഴ്ന്നാൽ അവിടെ മണ്ണിറക്കി ഉയർത്തുന്നതു നികത്തലാകുമോ? അപ്പുറത്തും ഇപ്പുറത്തും കിടക്കുന്ന ഭൂമിയുടെ നടുക്കുള്ള വഴി നടക്കാൻ പാകത്തിൽ വൃത്തിയാക്കണ്ടേ? ഇനിയും 42 പ്ലോട്ട് ഉണ്ട്. അവിടെയും ഇതുപോലെ തന്നെ ചെയ്യും.’ 

കാനം രാജേന്ദ്രൻ പിന്നീടു മാധ്യമങ്ങളോട്: ‘ഏതെങ്കിലും കക്ഷിക്കോ വ്യക്തിക്കോ എതിരെ പ്രചാരണം നടത്താനും വെല്ലുവിളിക്കാനുമല്ല യാത്ര. തോമസ് ചാണ്ടി പറ‍ഞ്ഞതിന്റെ ഔചിത്യവും അനൗചിത്യവും അദ്ദേഹമാണു തീരുമാനിക്കേണ്ടത്. അത് ഈ വേദിയിൽ പറയേണ്ടതായിരുന്നോയെന്ന് അദ്ദേഹം ചിന്തിക്കണം. കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന യാത്രയിൽ നിന്നു പി.വി.അൻവർ എംഎൽഎയെ മാറ്റി നിർത്തിയതു സിപിഎമ്മാണ്. എൻസിപി നേതാവായ തോമസ് ചാണ്ടി യാത്രയിൽ പങ്കെടുത്തത് ആ പാർട്ടിയുടെ തീരുമാനമാണ്.’