Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർജ് കൂട്ടാനുള്ള കെഎസ്ഇബി ശ്രമം റദ്ദാക്കാനാവശ്യപ്പെട്ട ഉത്തരവിൽ പിടിച്ച്

kseb-logo

കൊച്ചി∙ റദ്ദാക്കാനാവശ്യപ്പെട്ട ഉത്തരവിന്റെ പേരിൽ വൈദ്യുതി ബോർഡ് ഉപഭോക്താക്കളെ പിഴിയാനൊരുങ്ങുന്നു. മഴ കുറവായിരുന്ന ഏപ്രിൽ – ജൂൺ മാസങ്ങളിൽ കൂടിയ വിലയ്ക്കു പുറത്തുനിന്നു വൈദ്യുതി വാങ്ങിയെന്നും അതിന്റെ നഷ്ടം ഉപഭോക്താക്കളിൽനിന്ന് ഇൗടാക്കാൻ അനുവദിക്കണമെന്നും കെഎസ്ഇബി റഗുലേറ്ററി കമ്മിഷനിൽ അപേക്ഷ നൽകിയിരിക്കയാണ്.

അധികച്ചെലവുവന്ന 75 കോടി രൂപ മുതലാക്കാൻ സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യത്തോടെ യൂണിറ്റിന് 14 പൈസ വീതം ഇന്ധന സർചാർജ് ഇൗടാക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ 2014 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ബോർഡ് വൈദ്യുതി ചാർജ് വർധന ചോദിക്കുന്നത്.

വൈദ്യുതിക്കു വില കൂടിയാൽ അത് ഉപയോക്താക്കളിൽനിന്ന് ഇൗടാക്കാൻ ഇൗ ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. വില കുറഞ്ഞാൽ ഉപഭോക്താക്കൾക്കു തിരിച്ചുനൽകണമെന്നും ഉത്തരവിൽ പറയുന്നു. മറ്റു വ്യവസ്ഥകളിൽ എതിർപ്പുള്ളതിനാൽ ഉത്തരവു പൂർണമായി റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് ബോർഡ് ഹൈക്കോടതിൽ നൽകിയ ഹർജി തീർപ്പായിട്ടില്ല.

അതേസമയം, റദ്ദാക്കാനാവശ്യപ്പെട്ട ഉത്തരവിലെ ഒരു വകുപ്പെടുത്ത് ഇപ്പോൾ ഉപയോക്താക്കളെ പിഴിയാൻ അനുമതി തേടുന്നതാണു കൗതുകകരം.

∙ വിലക്കുറവിൽ വൈദ്യുതി ലേലം ചെയ്തെടുക്കുമ്പോൾ ലഭിക്കുന്ന ലാഭം ഇതുവരെ ഉപഭോക്താക്കൾക്കു കൈമാറാൻ ബോർഡ് തയാറായിട്ടില്ല. എന്നാൽ, വൈദ്യുതി വില കൂടിയാൽ അപ്പോൾത്തന്നെ റഗുലേറ്ററി കമ്മിഷനെ സമീപിക്കുകയും ചെയ്യും.

∙ കെഎസ്ഇബി കമ്പനിയാക്കിയപ്പോൾ ഓരോ മൂന്നു മാസം കൂടുമ്പോഴും വരവുചെലവു കണക്കുകൾ റഗുലേറ്ററി കമ്മിഷനെ അറിയിക്കണമെന്നു നിയമമുണ്ട്. നാലുവർഷമായിട്ടും കെഎസ്ഇബി കണക്കു നൽകിയിട്ടില്ല. ഒടുവിൽ കമ്മിഷൻ സ്വന്തം നിലയിൽ കണക്കുകൂട്ടിയാണു 2014 ൽ നിരക്കു നിശ്ചയിച്ചത്.

∙ ഇൗ വർഷം ഏപ്രിലിൽ യൂണിറ്റിനു 10 പൈസ മുതൽ 50 പൈസവരെ വൈദ്യുതി നിരക്കു വർധിപ്പിച്ചതാണ്. ഇൗ ഉത്തരവിൽ, രണ്ടുവർഷത്തേക്ക് ഇനി നിരക്കു കൂട്ടേണ്ടിവരില്ലെന്നു റഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.