Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം തുറമുഖ സമരം പിൻവലിച്ചു; നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

Vizhinjam-port

വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖ നിർമാണ തീരത്തു മൽസ്യത്തൊഴിലാളികൾ 11 ദിവസമായി നടത്തി വന്ന സമരം പിൻവലിച്ചു. ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കാനും നിരീക്ഷണസമിതി രൂപീകരിച്ചു. 30നു കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്താനും തീരുമാനം.

ഇന്നലെ കലക്ടർ കെ.വാസുകിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിലെ തീരുമാനത്തെത്തുടർന്നാണു സമരം താൽക്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ഇടവക വികാരി ഫാ. വി.വിൽഫ്രഡ്, സെക്രട്ടറി ഐസാക് ജോണി എന്നിവർ അറിയിച്ചു.

എം.വിൻസന്റ് എംഎൽഎയും ചർച്ചയിൽ പങ്കെടുത്തു. സമരം പിൻവലിച്ചതോടെ തുറമുഖ നിർമാണം രാത്രി തന്നെ പുനരാംരഭിച്ചു. ഇന്നലെ വൈകിട്ടു നിർമാണ കേന്ദ്രത്തിലേക്കു യന്ത്രസാമഗ്രികൾ കയറ്റിയ കൂറ്റൻ ട്രെയിലറുകൾ എത്തി. രാത്രി യന്ത്രങ്ങളുടെ ഇറക്കൽ ജോലി നടന്നു.

രാത്രി വൈകി പൈലിങിനു തുടക്കമിട്ടതായി ബന്ധപ്പെട്ടവർ പറ‍‍ഞ്ഞു. പുലിമുട്ടിനു ബലമേകാൻ സ്ഥാപിക്കുന്ന അക്രോപോഡുകളുടെ വാർക്കൽ ഇന്നു പുനരാരംഭിക്കും.