Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്‌ആർടിസി ഡീസൽ കുടിശികയായ 62 കോടിയും പലിശയും അടയ്‌ക്കാൻ സുപ്രീം കോടതി ഉത്തരവ്

ksrtc-logo

ന്യൂഡൽഹി ∙ കെഎസ്‌ആർടിസി, ഇന്ത്യൻ ഓയിൽ കോർപറേഷനിൽ (ഐഒസി) നിന്നു ഡീസൽ വാങ്ങിയതിന്റെ കുടിശികയായ 62 കോടി രൂപ പലിശ സഹിതം അടയ്‌ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ, കുടിശിക ഒഴിവാക്കണമോയെന്ന് ഐഒസിക്കു തീരുമാനിക്കാമെന്നു ജഡ്‌ജിമാരായ അരുൺ മിശ്ര, മോഹൻ എം. ശാന്തന ഗൗഡർ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി.

സബ്‌സിഡിയോടെ ഡീസൽ ലഭിച്ച 2013 മാർച്ച്– സെപ്‌റ്റംബർ മുതലുള്ള കുടിശിക പലിശ സഹിതമാണെങ്കിൽ ഏകദേശം 90 കോടി രൂപയാണ് സംസ്‌ഥാന സർക്കാർ നൽകേണ്ടത്. ഇതിനു പുറമെ, സംസ്‌ഥാന ജലഗതാഗത വകുപ്പും ഇതേ കാലയളവിലെ ഡീസൽ കുടിശികയിനത്തിൽ 40 ലക്ഷം രൂപ ഐഒസിക്കു നൽകാനുണ്ട്. ഫലത്തിൽ, ഈ തുകയും പലിശസഹിതം സർക്കാർ നൽകേണ്ടിവരും. പൊതുമേഖലാ സ്‌ഥാപനങ്ങൾക്കു ഡീസലിനു സബ്‌സിഡി നൽകേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ കെഎസ്‌ആർടിസിയും ജലഗതാഗത വകുപ്പും ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.

ഡീസൽ സബ്‌സിഡി വിഷയത്തിൽ വിവിധ ഹൈക്കോടതികളിലുണ്ടായിരുന്ന കേസുകളെല്ലാം സുപ്രീം കോടതി പരിഗണിച്ചപ്പോൾ കേരള ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് നീക്കി. ഹൈക്കോടതി സ്‌റ്റേ ഏർപ്പെടുത്തിയതു മുതൽ സുപ്രീം കോടതി ഇടപെടുന്നതുവരെ– 2013 മാർച്ച് മുതൽ സെപ്‌റ്റംബർവരെ– സബ്‌സിഡി നിരക്കിലാണ് ഐഒസി ഡീസൽ നൽകിയത്. ഇക്കാലയളവിലെ സബ്‌സിഡിയാണ് 62 കോടി. സബ്‌സിഡി നൽകണമോ വേണ്ടയോ എന്നതു സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കോടതിക്ക് അതിൽ ഇടപെടാനാവില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. സബ്‌സിഡിയെ അവകാശമായി കണക്കാക്കാനാവില്ല.

കുടിശിക അടയ്‌ക്കാൻ തയാറാണെന്നു സംസ്‌ഥാന സർക്കാർ നേരത്തേ കോടതിയിൽ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. ആ ഉറപ്പ് പാലിക്കാനാണ് ഇപ്പോഴത്തെ നിർദേശം. കുടിശിക അടയ്‌ക്കാതെ പറ്റില്ലെന്ന് നേരത്തേ 2015 ഫെബ്രുവരിയിൽ കേസ് പരിഗണിച്ചപ്പോഴും സുപ്രീം കോടതി പറഞ്ഞിരുന്നു.

related stories