Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരിക്കെതിരെ പ്രചാരണം നയിച്ച് വിരാട് കോഹ്‌ലി

kohli-and-pinarayi-vijayan കേരള പൊലീസും ബിസിസിഐയും ചേർന്നു തിരുവനന്തപുരത്തു സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാംപെയ്ൻ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ‌ ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വിദ്യാർഥികളെ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യൻ താരം മുഹമ്മദ് സിറാജ് സമീപം. ചിത്രം: മനോരമ

തിരുവനന്തപുരം∙ ആർത്തിരമ്പിയ ആരാധകക്കൂട്ടത്തോട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി പറഞ്ഞു, ‘ലഹരി വേണ്ടെന്നു ദൃഢനിശ്ചയമെടുക്കൂ.’ കേൾക്കാൻ കാത്ത‍ിരുന്നതുപോലെ ആയിരം നാവുകൾ ഒന്നിച്ചു പറഞ്ഞു, ‘ലഹരിയുടെ വഴിയേ ഞങ്ങളില്ല.’ ലഹരിവിപത്തിനെതിരെ കേരള പൊലീസ് സംഘടിപ്പിച്ച യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്സ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനാണു വിരാട് കോഹ്‌‍ലി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെത്തിയത്. സഹതാരങ്ങളായ ദിനേശ് കാർത്തിക്, അക്‌ഷർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പമായിരുന്നു വരവ്. ഇവരെ സ്വീകരിക്കാൻ മലയാളി താരങ്ങളായ സഞ്ജു സാംസൺ, ബേസിൽ തമ്പി, സച്ചിൻ ബേബി എന്നിവരും അണിനിരന്നതോടെ ആഹ്ലാദവും ആവേശവും അണപൊട്ടി.

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഗാലറിയിൽ തിങ്ങിനിറഞ്ഞിരുന്ന വിദ്യാർഥിക്കടലിനു മുന്നിലേക്കു മൂന്നുമണിയോടെയാണു താരങ്ങൾ എത്തിയത്. സൂപ്പർതാരങ്ങളെ മുന്നിൽ കണ്ടപ്പോൾ ആരാധകർ ഹർഷാരവം മുഴക്കി. കോഹ്‌ലിയെ പേരെടുത്തു വിളിച്ചു സ്നേഹം പ്രകടിപ്പിച്ചു. ആരാധകർക്കു നേരെ കൈവീശി കോഹ്‌ലിയും സംഘവും വേദിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തി താരങ്ങൾ ഓരോരുത്തരുമായും ആശയവിനിമയം നടത്തി.

എല്ലാവരും ജീവിതത്തിൽനിന്നു ലഹരിയെ അകറ്റിനിർത്തണമെന്ന സന്ദേശമാണു കോഹ്‌ലി ആരാധകരോടു പങ്കുവച്ചത്. ലഹരിക്കെതിരെ ദൃഢനിശ്ചയമെടുക്കണമെന്നും കോഹ്‌ലി പറഞ്ഞു. കോഹ്‌ലിയുടെ വാക്കുകൾ യുവ തലമുറ നെഞ്ചേറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. ഫുട്ബോൾ താരം ഐ.എം.വിജയൻ തെളിച്ച ദീപശിഖയുമായി കായികതാരങ്ങൾ സ്റ്റേഡിയം വലംവച്ചു. സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ നൃത്തം അവതരിപ്പിച്ചു. തപാൽ വകുപ്പു പുറത്തിറക്കിയ തപാൽ കവർ ഇന്ത്യൻ ടീം അംഗങ്ങളും മുഖ്യമന്ത്രിയും ചേർന്നു പുറത്തിറക്കി. ഡിജിപി: ലോക്നാഥ് ബെഹ്റ, എഡിജിപി: ബി.സന്ധ്യ, ഐജിമാരായ പി.വിജയൻ, മനോജ് ഏബ്രഹാം തുടങ്ങിയവരും സന്നിഹിതരായിരുന്നു.