Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാമനായി എം.ടി. രമേശ്, കടുത്ത അതൃപ്തിയിൽ മുരളീധരൻപക്ഷം

M.T. Ramesh, K. Surendran എം.ടി. രമേശ്, കെ. സുരേന്ദ്രൻ

തിരുവനന്തപുരം∙ ബിജെപി–ആർഎസ്എസ് നേതൃത്വങ്ങളുടെ ഇരട്ടപ്രഹരത്തിൽ ബിജെപിയിലെ വി.മുരളീധരൻപക്ഷം കടുത്ത അതൃപ്തിയിൽ. സംസ്ഥാന സെക്രട്ടറിയായിരുന്ന വി.വി. രാജേഷിനെ പാർട്ടി പദവികളിൽ നിന്നെല്ലാം നീക്കിയതിനു പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ യുവമോർച്ചയുടെ സുപ്രധാന ചുമതലയിൽ നിന്നു ബിജെപി ഒഴിവാക്കി. മുരളീധരൻ വിഭാഗത്തിന്റെ മുൻനിര നേതാക്കളാണ് ഇരുവരും.

ആലപ്പുഴയിൽ സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പൊടുന്നനെ ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. കെ. സുരേന്ദ്രനു പകരം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനാണു യുവമോർച്ചയുടെ ചുമതല. ബിജെപി കേന്ദ്രനേതൃത്വവും ആർഎസ്എസും മാത്രമാണ് ഇക്കാര്യം മുൻകൂട്ടി അറിഞ്ഞത്.

മെഡിക്കൽ കോളജ് കോഴവിവാദത്തിൽ മുരളീധരൻപക്ഷം പ്രതിക്കൂട്ടിൽ നിർത്താൻ തുനിഞ്ഞ രമേശിനാണു പാർട്ടിയിൽ ഈ സ്ഥാനക്കയറ്റം. പാർട്ടി ആസ്ഥാനം, തിരുവനന്തപുരം ലോക്സഭാ മണ്ഡലം, മധ്യകേരളം എന്നിവയുടെ ചുമതലയ്ക്കു പിന്നാലെയാണു രമേശ് യുവമോർച്ചയുടെ പദവി കൂടി കയ്യാളുന്നത്. ഇതോടെ കുമ്മനം കഴിഞ്ഞാൽ സംഘടനാതലത്തിൽ രണ്ടാമനായി അനൗദ്യോഗികമായെങ്കിലും രമേശ് മാറി.

യുവമോർച്ചയും മഹിളാമോർച്ചയും കൂടുതൽ ശക്തിപ്പെടുത്തണമെന്ന കേന്ദ്രനിർദേശം കണക്കിലെടുത്തുള്ള പുന:ക്രമീകരണമായാണ് ഇതിനെ നേതാക്കൾ വിശേഷിപ്പിക്കുന്നത്. യുവാക്കളെയും സ്ത്രീകളെയും കൂടുതലായി പാർട്ടിയിലേക്ക് ആകർഷിക്കണമെന്നാണു കേന്ദ്രനിർദേശം. ചുമതലകൾ കൃത്യമായ ഇടവേളകളിൽ പുനക്രമീകരിക്കാറുണ്ടെന്നു നേതാക്കൾ വിശദീകരിക്കുന്നു.

യുവമോർച്ചയ്ക്കു പകരം കർഷകമോർച്ചയുടെ ചുമതലയാണു കെ.സുരേന്ദ്രനു നൽകിയത്. ശോഭാ സുരേന്ദ്രൻ മഹിളാമോർച്ചയുടെ ചുമതലയിൽ തുടരും. മറ്റൊരു ജനറൽ സെക്രട്ടറിയായ എ.എൻ. രാധാകൃഷ്ണനു പട്ടികജാതി–വർഗ മോർച്ചയുടെയും ന്യൂനപക്ഷ മോർച്ചയുടെയും മേൽനോട്ടം. തെക്കൻമേഖലയുടെ ചാർജ് രാധാകൃഷ്ണനും വടക്കൻ ജില്ലകളുടേതു സുരേന്ദ്രനുമായിരിക്കും.

മെഡിക്കൽ കോളജ് അഴിമതി അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടെന്നാരോപിച്ചാണു വി.വി. രാജേഷിനെ നേരത്തെ ഒഴിവാക്കിയത്. അന്വേഷണ കമ്മിഷനിൽ അംഗമല്ലാത്ത, കമ്മിഷൻ റിപ്പോർട്ട് ലഭിച്ചവരിൽ ഉൾപ്പെടാത്ത രാജേഷിനെ ഒഴിവാക്കിയതിൽ അനീതിയുണ്ടെന്നു മുരളീധരൻ വിഭാഗം പരാതിപ്പെടുന്നതിനിടയിലാണ് അടുത്ത തിരിച്ചടി.