Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിഭാരം: ജിഷ്‌ണു കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ

Jishnu Pranoy

ന്യൂഡൽഹി∙ അമിത ജോലിഭാരമായതിനാൽ ജിഷ്‌ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കാനാവില്ലെന്നു സിബിഐ സുപ്രീം കോടതിയിൽ വാക്കാൽ വ്യക്‌തമാക്കി. എന്നാൽ, ഇതുവരെ നിലപാട് വ്യക്‌തമാക്കാതെ ഒളിച്ചുകളിച്ചതിനു സിബിഐയെ ജഡ്‌ജിമാരായ എൻ.വി. രമണ, അമിതാവ റോയ് എന്നിവരുടെ ബെഞ്ച് നിശിതമായി വിമർശിച്ചു.

കേസിന്റെ ഗൗരവം കണക്കിലെടുത്താണ് സിബിഐ അന്വേഷണം വേണമെന്നു സംസ്‌ഥാന സർക്കാർ തീരുമാനിച്ചതെന്നു വിലയിരുത്തിയ കോടതി, നിലപാട് വ്യക്‌തമാക്കി ഈ മാസം 13ന് അകം സിബിഐ സത്യവാങ്‌മൂലം നൽകാൻ നിർദേശിച്ചു. കേസ് ഈ മാസം 15നു പരിഗണിക്കും.

കേസ് അന്വേഷിക്കുന്നതിനെക്കുറിച്ചു സംസ്‌ഥാന സർക്കാരിന്റെ അറിയിപ്പ് ലഭിച്ചില്ലെന്നാണു കഴിഞ്ഞ മൂന്നിനു സിബിഐ സുപ്രീം കോടതിയിൽ പറഞ്ഞത്. എന്നാൽ, കഴിഞ്ഞ ജൂൺ 15നു സർക്കാർ ഇറക്കിയ വിജ്‌ഞാപനത്തിന്റെയും അന്വേഷണം ഏറ്റെടുക്കണമെന്ന ആവശ്യം ആവർത്തിച്ച് കഴിഞ്ഞ ആറിനു സിബിഐക്കും പഴ്‌സനേൽ വകുപ്പു സെക്രട്ടറിക്കും അയച്ച കത്തിന്റെയും പകർപ്പ് സർക്കാരിനുവേണ്ടി ഹരേൻ പി. റാവലും സ്‌റ്റാൻഡിങ് കൗൺസൽ സി.കെ. ശശിയും ഹാജരാക്കി.

കേസിൽ സിബിഐ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നു കോടതി വിലയിരുത്തി. ജാമ്യ വ്യവസ്‌ഥകൾ ഇളവു ചെയ്യണമെന്ന പ്രതിയുടെ അപേക്ഷയും നിലവിലുണ്ടെന്നും അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഉടനെ സത്യവാങ്‌മൂലം നൽകാൻ സിബിഐയോടു നിർദേശിക്കുന്നതെന്നും കോടതി വ്യക്‌തമാക്കി.