Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഡ്ജി നിയമന പട്ടിക ഭരണഘടനാബെഞ്ച് പരിശോധിക്കും

supreme-court

ന്യൂഡൽഹി∙ കേരളത്തിലെ ജില്ലാ – സെഷൻസ് ജഡ്‌ജി നിയമന പട്ടിക തയാറാക്കിയതിലെ നടപടിക്രമം ചോദ്യംചെയ്‌തുള്ള ഹർജികളിൽ തീരുമാനം സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്‌ക്കു വിട്ടു. ജഡ്‌ജിമാരായ കുര്യൻ ജോസഫ്, ആർ. ഭാനുമതി എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം.

ഹൈക്കോടതി കഴിഞ്ഞ മാർച്ച് ആറിനു തയാറാക്കിയ പട്ടികയാണ് പിന്തള്ളപ്പെട്ട ഏതാനും ഉദ്യോഗാർഥികൾ ചോദ്യം ചെയ്യുന്നത്. ഹൈക്കോടതിയുടെ ഫുൾ കോർട്ട് തയാറാക്കിയ സ്‌കീമിലെ വ്യവസ്‌ഥകൾ അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റി മാറ്റിയെന്നാണ് ഹർജിക്കാരുടെ വാദം.

എഴുത്തുപരീക്ഷയുടെയും വാചാപരീക്ഷയുടെയും ശരാശരി മാർക്കിന്റെ അടിസ്‌ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കാനാണ് ഫുൾ കോർട്ട് തീരുമാനിച്ചത്. എന്നാൽ, വാചാപരീക്ഷയ്‌ക്ക് 50% മാർക്ക് നിർബന്ധമെന്ന് പിന്നീടു സമിതി വ്യവസ്‌ഥ കൊണ്ടുവന്നു. പരീക്ഷയ്‌ക്കുശേഷം വ്യവസ്‌ഥകൾ മാറ്റുന്നതു ശരിയോ എന്നതാണ് ഭരണഘടനാ ബെഞ്ച് പരിശോധിക്കുക.

ആന്ധ്രപ്രദേശിൽനിന്നുള്ളതും സമാന പ്രശ്‌നം ഉൾപ്പെടുന്നതുമായ മഞ്‌ജുശ്രീ കേസ് (2008) നേരത്തെ ഭരണഘടനാ ബെഞ്ചിനു വിട്ടിരുന്നു. രണ്ടു കേസുകളും ഒരുമിച്ച് ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

related stories