Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുപമം അന്വേഷണം; കാലിടറി കായല്‍ രാജാവ്‌

chandy-anupama തോമസ് ചാണ്ടി, ടി.വി. അനുപമ

ആലപ്പുഴ ∙ ജില്ലാ കലക്ടറായി ചുമതല എടുക്കുമ്പോൾ ടി.വി. അനുപമയുടെ ആദ്യ ദൗത്യം മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടിനെക്കുറിച്ചുള്ള അന്വേഷണമായിരുന്നു. മുൻ കലക്ടറുടെ റിപ്പോർട്ടിൽ തൃപ്തി വരാത്ത റവന്യുവകുപ്പ് തുടരന്വേഷണം അനുപമ ചുമതലയേറ്റിട്ടു മതിയെന്നും രഹസ്യമായി തീരുമാനിച്ചിരുന്നു. 

ആവശ്യമായ സമയം എടുത്തു സമ്മർദത്തിനു വഴങ്ങാതെ സമഗ്രവും ശക്തവുമായ റിപ്പോർട്ട് നൽകിയാണ് അനുപമ കടമ നിർവഹിച്ചത്. ഇടയ്ക്ക് ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണത്തിൽ ഇടപെടാൻ ശ്രമിച്ചപ്പോഴും കലക്ടർ വഴങ്ങിയില്ല. അതേസമയം റവന്യുവകുപ്പ് തന്നെ റിപ്പോർട്ട് വേഗത്തിലാക്കാൻ ആവശ്യപ്പെട്ടപ്പോൾ പരാതി പറയാനും മടിച്ചില്ല.    നിയമങ്ങളുടെ പഴുതുകൾ വഴിയും ഉടമസ്ഥത കൈമാറിയും ഭൂമി തന്റേതല്ലെന്ന തോമസ് ചാണ്ടിയുടെ വാദം അനുബന്ധ രേഖകൾ തേടിപ്പിടിച്ച് ഉൾപ്പെടുത്തി കലക്ടർ നിരാകരിച്ചു. ഉദ്യോഗസ്ഥർക്കും മുൻഗാമികൾക്കും എതിരെയും റിപ്പോർട്ട് നീണ്ടു. 

Read more at: അനുപമ ഐഎഎസ്: ദൃഢനിശ്ചയത്തിന്റെ പര്യായം

കാലിടറി കായല്‍ രാജാവ്‌

ആലപ്പുഴ ∙ തോമസ് ചാണ്ടി നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായ വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക്ക് പാലസ് റിസോർട്ടിനായും മാർത്താണ്ഡം കായലിലെ പുതിയ പദ്ധതിക്കായും കയ്യേറ്റങ്ങൾ നടത്തിയെന്നും ഭൂമി നികത്തിയതിൽ നിയമലംഘനം ഉണ്ടെന്നുമാണു ജില്ലാ കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട്. എല്ലാത്തിനും നിയമത്തിന്റെ മറ തേടിയെങ്കിലും അതിലെ അപാകതകൾ പുറത്തുവന്നതു തിരിച്ചടി. ഭൂമിയുടെ ഉടമസ്ഥത തനിക്കല്ലെന്ന വാദത്തിനു കൈവശമുണ്ടെന്നു കലക്ടറുടെ മറുവാദം.

∙ കായൽ കൊട്ടാരങ്ങൾ

ഭൂമി സംരക്ഷണ നിയമം, നെൽവയൽ തണ്ണീർത്തട നിയമം, ഭൂവിനിയോഗ നിയമം എന്നിവ ലംഘിക്കപ്പെട്ടു. കുട്ടനാടിന്റെ പടിഞ്ഞാറെ അറ്റത്ത് ആലപ്പുഴ നഗരസഭയുടെ അതിർത്തിയിൽ കരുവേലി, കൊമ്പൻകുഴി പാടശേഖരങ്ങളുടെ പുറംബണ്ടിലാണു ലേക്ക് പാലസ് റിസോർ‌ട്ട്. റോഡില്ലാത്തതിനാൽ ഡിടിപിസിയുടെ ആലപ്പുഴയിലെ ജെട്ടി വാടകയ്ക്ക് എടുത്തു സഞ്ചാരികളെ കൊണ്ടുപോകുന്നു. എന്നാൽ നഗരവുമായി ബന്ധിപ്പിക്കുന്ന ചുങ്കം–പള്ളാത്തുരുത്തി റോഡിലേക്കു പാടശേഖരത്തിലൂടെ റോഡു നിർമിച്ചു കുട്ടനാട്ടിൽ വേമ്പനാട്ടു കായലിന്റെ ഏതാണ്ടു നടുക്ക് മുരിക്കൻ കുത്തിയെടുത്ത മാർത്താണ്ഡം കായലിന്റെ പുറംബണ്ടിലെ 64 പ്ലോട്ടുകൾ നികത്തി എടുത്തു.

∙ സർക്കാരിന്റെ റോഡ്

പാടശേഖരത്തിലെ കർഷകർക്കെന്ന പേരിൽ സർക്കാർ ഫണ്ടുപയോഗിച്ചു നിർമിച്ച റോഡ് റിസോർട്ടിനു സമീപം വരെ ടാർ ചെയ്തു. എംഎൽഎയുടെ ശുപാർശയിൽ ആലപ്പുഴ നഗരസഭ ഏറ്റെടുത്ത റോഡിനു മുൻ എംപി കെ.ഇ.ഇസ്മയിലും രാജ്യസഭാ ഡപ്യൂട്ടി ചെയർപഴ്സൻ പി.ജെ.കുര്യനും ഫണ്ട് അനുവദിച്ചു. സർക്കാർ ഫണ്ടുകൂടി ചേർത്തു ഹാർബർ എൻജിനീയറിങ് വിഭാഗം റോഡുപണിതു. പാടം നികത്തുന്നതിനു സംസ്ഥാന നെൽവയൽ സമിതിയുടെ അനുമതിയില്ല. തണ്ണീർത്തട നിയമം ലംഘിച്ചു. അനുവദിച്ചതിലും കൂടുതൽ വീതിയിൽ റോഡു നിർമിച്ചു. ഈ റോ‍ഡ് റിസോർട്ടിനു മാത്രം എന്നു കലക്ടറുടെ നിജസ്ഥിതി റിപ്പോർട്ട്. രണ്ടിടത്തെ നികത്തലുകൾ മാറ്റണമെന്ന നിർദേശം പാലിച്ചില്ല.

∙ ബണ്ട് കൊണ്ടൊരു പാർക്കിങ് ഗ്രൗണ്ട്

റോഡിൽനിന്നു റിസോർട്ടിലേക്ക് എത്താനും പാർക്കിങ്ങിനും ബണ്ടുപയോഗിച്ചു. കർഷകരുടെ ആവശ്യം എന്ന പേരിൽ കരുവേലി പാടശേഖരത്തിന്റെ ബണ്ട് വാട്ടർവേൾഡ് ടൂറിസം കമ്പനി പണം മുടക്കി ബലപ്പെടുത്തി. ജലവിഭവവകുപ്പിന്റെ രൂപകൽപനയിലും മേൽനോട്ടത്തിലും നിർമാണം. ബണ്ടിരിക്കുന്ന സ്ഥലം ചാണ്ടിയുടെ സഹോദരിയുടെ പേരിൽ. അനുവദിച്ചതിലും കൂടുതൽ വിസ്തൃതിയിൽ നികത്തി. ബലപ്പെടുത്തിയ ബണ്ട് ഗേറ്റുള്ള പാർക്കിങ് ഗ്രൗണ്ടാണെന്നു റിപ്പോർട്ട്.

∙ കായലിലും മണ്ണിട്ടു

മാർത്താണ്ഡം കായൽ നികത്തലിന്റെ ഭാഗമായി സർക്കാർ പുറമ്പോക്കിലെ റോഡ് നികത്തി. ഇതു തണ്ണീർത്തട നിയമത്തിന്റെ ലംഘനം. ഭൂപരിഷ്കരണ നിയമലക്ഷ്യം അട്ടിമറിച്ചു. കൃഷിക്കു നൽകിയ 64 പ്ലോട്ടുകൾ വാങ്ങി നികത്തി. പുരയിടം നികത്തിയിപ്പോൾ ഈ റോഡും നികത്തി.

∙ കായൽ ബോ നിർമാണം

ലേക്ക് പാലസിന്റെ മുന്നിൽ കായൽ കയ്യേറി ബോ സ്ഥാപിച്ചു. പോളശല്യം എന്ന പേരിൽ ആർഡിഒയ്ക്ക് അപേക്ഷ കൊടുത്തു നേടിയ ഉത്തരവിന്റെ പിൻബലത്തിലാണു നിർമാണം. എപ്പോൾ വേണമെങ്കിലും പൊളിച്ചുമാറ്റാമെന്ന് ഉറപ്പു കൊടുത്തിട്ടുണ്ട്.

∙ വേറെയും അന്വേഷണം

മാത്തൂർ ദേവസ്വം ഭൂമി കയ്യേറിയെന്ന പരാതിയിൽ ലാൻഡ് ബോർഡ് സെക്രട്ടറി അന്വേഷണം നടത്തുന്നു.