Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്‌ണുക്കേസ് കേരള പൊലീസിന് അന്വേഷിക്കാവുന്നത്: സിബിഐ

jishnu-pranoy

ന്യൂഡൽഹി ∙ ജിഷ്‌ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സാധാരണ സ്വഭാവമുള്ളതാണെന്നും അത് അന്വേഷിക്കാനുള്ള കാര്യശേഷി സംസ്‌ഥാന പൊലീസിനുണ്ടെന്നും സിബിഐ സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകി. കേസ് അന്വേഷിക്കണമെന്ന സംസ്‌ഥാന സർക്കാരിന്റെ അറിയിപ്പു ലഭിച്ചില്ലെന്നു നേരത്തെ കോടതിയിൽ വാക്കാൽ പറഞ്ഞ സിബിഐ, ഓഗസ്‌റ്റ് 10നു സർക്കാർ കത്തു നൽകിയതാണെന്ന് ഇന്നലത്തെ സത്യവാങ്‌മൂലത്തിൽ വ്യക്‌തമാക്കി.

കഴിഞ്ഞ ഒൻപതിനു കേസ് പരിഗണിച്ചപ്പോൾ, അമിത ജോലിഭാരമുള്ളതിനാൽ ജിഷ്‌ണുക്കേസ് അന്വേഷിക്കാനാവില്ലെന്നു സിബിഐ അഭിഭാഷകൻ വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ, സത്യവാങ്‌മൂലം നൽകാൻ കോടതി നിർദേശിച്ചു. കേരള സർക്കാരും ഹൈക്കോടതിയും അന്വേഷണത്തിനു നിർദേശിച്ചിട്ടുള്ള അഴിമതി നിരോധന നിയമ കേസുകൾക്കും മറ്റുള്ളവയ്‌ക്കും പുറമെ ഒട്ടേറെ കേസുകൾ അന്വേഷിക്കാനുണ്ടെന്നു തിരുവനന്തപുരത്തെ എസ്‌പി: കെ.എം.വർക്കി നൽകിയ സത്യവാങ്‌മൂലത്തിൽ പറയുന്നു. ജിഷ്‌ണുക്കേസ് ജഡ്‌ജിമാരായ എൻ.വി.രമണ, അമിതാവ റോയ് എന്നിവരുടെ ബെഞ്ച് ഇന്നു പരിഗണിക്കും.

ഷഹീർ ഷൗക്കത്തലിയെന്ന വിദ്യാർഥിക്കു മർദനമേറ്റതു സംബന്ധിച്ച കേസിൽ പ്രതികൾക്കു ജാമ്യമനുവദിച്ചതു ചോദ്യം ചെയ്‌തും ഹൈക്കോടതി ഉത്തരവിൽ അന്വേഷണ ഉദ്യോഗസ്‌ഥനെതിരെയുള്ള പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടും നൽകിയ ഹർജി ഇന്നലെ പരിഗണിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഫ്രാൻസിസ് ഷെൽബി ഇന്നു കോടതിയിൽ കേസ് ഡയറി ഹാജരാക്കണം. സർക്കാരിനുവേണ്ടി ഹരേൻ പി.റാവലും സ്‌റ്റാൻഡിങ് കൗൺസൽ സി.കെ.ശശിയും സിബിഐക്കുവേണ്ടി രാജീവ് മൻഛന്ദയും ഹാജരായി.