Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശുപത്രികൾ ഉയർത്തുന്നവർ നഴ്സുമാരുടെ അധ്വാനത്തിനു നന്ദി കാട്ടണം: വി.എസ്.

vs-nurse കൊച്ചിയിൽ യൂണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തപ്പോൾ.

കൊച്ചി ∙ നഴ്സുമാരുടെകൂടി വിയർപ്പിൽ ആശുപത്രികൾ കെട്ടിപ്പൊക്കുന്നവർ അതിന്റെ ചെറിയൊരു അംശം നന്ദിയെങ്കിലും തിരികെ കാണിക്കണമെന്നു ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. സുപ്രീം കോടതി വിധിക്കനുസരിച്ചു നഴ്സുമാർക്കു ശമ്പളം ലഭിക്കുന്നുണ്ട് എന്നത് ഉറപ്പാക്കാൻ സർക്കാർ തയാറാവണമെന്നും കാലാകാലങ്ങളിൽ ശമ്പളപരിഷ്കരണം നടപ്പിലാക്കാ‍ൻ സ്ഥിരമായ സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശമ്പളവർധനയുടെ ബാധ്യത ഏറ്റെടുക്കാൻ സാധിക്കില്ല എന്ന ആശുപത്രികളുടെ നിലപാട് സർക്കാർ മുഖവിലയ്ക്കെടുക്കരുത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. മറൈൻ ഡ്രൈവിലെ നിറഞ്ഞുകവിഞ്ഞ സദസിൽ വൻ ആവേശമുയർത്തിയാണ് അച്യുതാനന്ദൻ എത്തിയത്. നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം തുടക്കംമുതൽ നിലകൊണ്ട നേതാവാണ് അച്യുതാനന്ദനെന്ന് അധ്യക്ഷൻ ജാസ്മിൻ ഷാ ചൂണ്ടിക്കാട്ടി.

ആശുപത്രികൾ പൂട്ടിയതുകൊണ്ടു നഴ്സുമാരുടെ സമരവീര്യം തണുപ്പിക്കാൻ കഴിയില്ലെന്നും പൂട്ടിയ ആശുപത്രികൾ പൂട്ടിത്തന്നെ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാത്രമേ നഴ്സുമാർ ആവശ്യപ്പെടുന്നുള്ളൂ. അടിസ്ഥാന ശമ്പളം നിശ്ചയിച്ചുള്ള വിജ്ഞാപനം 20നു മുൻപു സർക്കാർ പുറപ്പെടുവിക്കണമെന്നും ജാസ്മിൻ ഷാ ആവശ്യപ്പെട്ടു.

ചേർത്തലയിൽ യുഎൻഎയുടെ നേതൃത്വത്തിൽ നൂറു കിടക്കയുള്ള ആശുപത്രി നിർമിക്കുന്ന പദ്ധതി രാജ്യാന്തര കോഓർഡിനേറ്റർ കെ.പി. നൗഫൽ വിവരിച്ചു. 32 ഡോക്ടർമാർ അവിടെ സേവനത്തിനു സന്നദ്ധത അറിയിക്കുകയും 962 നഴ്സുമാർ ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ പദ്ധതിക്കു നൽകാൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രികൾ പൂട്ടിപ്പോയാൽ അവിടങ്ങളിലെ നഴ്സുമാർക്ക് ചേർത്തലയിൽ ജോലി നൽകുമെന്നും നൗഫൽ പറഞ്ഞു.എൻ.പി. സുധീപ്, നടൻ സന്തോഷ് പണ്ഡിറ്റ്, അൽ മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ സമാപനത്തിൽ സംഘടിപ്പിച്ച റാലി മൂലം നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടതിനു പൊലീസ് കേസെടുത്തു. വ്യവസ്ഥകൾക്കു വിധേയമായാണു റാലിക്ക് അനുമതി നൽകിയതെന്നും അതു ലംഘിച്ചു ഗതാഗത തടസ്സമുണ്ടാക്കിയതിനാണു കേസെന്നും സെൻട്രൽ പൊലീസ് അറിയിച്ചു