Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം തുറമുഖം ഇമിഗ്രേഷൻ സെന്ററാക്കി: കേരള ടൂറിസത്തിനു വികസനക്കുതിപ്പേകും

ന്യൂഡൽഹി ∙ കേരളത്തിലെ ടൂറിസം വികസനത്തിന് അനന്തസാധ്യതകൾ തുറന്നുകൊണ്ടു വിഴിഞ്ഞം തുറമുഖം ഇന്ത്യയിലേക്കുള്ള ഇമിഗ്രേഷൻ സെന്ററായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു. അദാനി ഗ്രൂപ്പിന്റെതന്നെ കീഴിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖവും ഇമിഗ്രേഷൻ സെന്ററായി അംഗീകരിച്ചു. തിരുവനന്തപുരത്തെ ഫോറിൻ റീജനൽ റജിസ്ട്രേഷൻ ഓഫിസർക്കാണ് (എഫ്ആർആർഒ) ചുമതല. വിഴിഞ്ഞം തുറമുഖ പദ്ധതിക്കൊപ്പം ക്രൂസ് ടെർമിനൽകൂടി നിർമിക്കുന്നതിനാൽ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കിന് ഇടയാക്കിയേക്കും.

കേരളത്തിന്റെ ടൂറിസം വികസനത്തിനും ഇതു വഴിവയ്ക്കുമെന്നാണു പ്രതീക്ഷ. വിഴിഞ്ഞവും ഗുജറാത്തിലെ മുന്ദ്രയുമാണ് രണ്ട് ഇമിഗ്രേഷൻ ചെക്പോസ്റ്റുകൾ. വിദേശ സഞ്ചാരികൾക്ക് ഇന്ത്യയിലേക്കു വരാനും തിരികെ പോകാനും ഈ കേന്ദ്രങ്ങൾ വഴി സാധിക്കും. വിനോദ സ‍​​ഞ്ചാരികളുമായി എത്തുന്ന കപ്പലുകൾക്കാണ് ഇതേറെ ഗുണം ചെയ്യുക. വലിയ കപ്പലുകൾക്ക് അടുക്കാൻ സാധിക്കുന്നതോടെ പ്രദേശത്തെ ടൂറിസം കേന്ദ്രങ്ങളും വികസിക്കും.

വിഴിഞ്ഞം തുറമുഖനിർമാണം ആരംഭിച്ച് ഒന്നര വർഷത്തോളം പിന്നിട്ടു. 2019 ൽ ആദ്യഘട്ടം പ്രവർത്തനസജ്ജമാവും എന്നായിരുന്നു പ്രഖ്യാപനം. എന്നാ‍ൽ, തുടർച്ചയായ സമരങ്ങളും വിവാദങ്ങളും കാരണം നിർമാണം ഇഴയുകയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.