Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയുടെ കേസ്: 11 വാഹനം കൊച്ചിയിൽ നിന്നു പിടിച്ചെടുത്തു

കൊച്ചി ∙ തമിഴ്നാടു മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയുമായ ശശികലയ്ക്കെതിരായ സാമ്പത്തിക കുറ്റാന്വേഷങ്ങളുടെ ഭാഗമായി കൊച്ചിയിലും ആദായനികുതി വകുപ്പിന്റെ പരിശോധന.   ശശികലയുടെ ബന്ധു ദിനകരന്റെ സുഹൃത്ത് സുകാശ് ചന്ദ്രശേഖറുടെ അടുപ്പക്കാരുടെ താമസസ്ഥലങ്ങളിലാണു പരിശോധന നടത്തിയത്. ആഡംബരക്കാറുകൾ അടക്കം 15 കോടി രൂപ വിലമതിക്കുന്ന 11 ആഡംബര വാഹനം പിടിച്ചെടുത്തു.

ദിനകരനുവേണ്ടി തിരഞ്ഞെടുപ്പു കമ്മിഷനിലെ ചിലർക്കു പണമെത്തിക്കാനെന്ന പേരിൽ ന്യൂഡൽഹിയിലെത്തിയ സുകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊച്ചിയിൽ കണ്ടെത്തിയ വാഹനങ്ങൾ ബെംഗളൂരുവിലേക്കു മാറ്റി. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധനകളുണ്ടാവും. കൊച്ചിയിലെ ചില ഗുണ്ടാ സംഘങ്ങളുമായും തമിഴ്നാട് രാഷ്ട്രീയത്തിലെ ഉന്നതർക്കുള്ള ബന്ധം നേരത്തേ പുറത്തുവന്നിരുന്നു.  തിരഞ്ഞെടുപ്പുകാലത്തു രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി കള്ളപ്പണം കടത്താൻ  കൊച്ചിയിൽ ചുമതലപ്പെടുത്തിയയാൾ പണവുമായി മുങ്ങിയതു വാർത്തയായിരുന്നു.