Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതു മുന്നണിയോ, കലഹ മുന്നണിയോ?: രമേശ് ചെന്നിത്തല

Ramesh Chennithala

കൊച്ചി ∙ സിപിഎം - സിപിഐ തർക്കം ഭരണത്തെ ഗുരുതരമായി ബാധിക്കുന്നെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു മുന്നണി കലഹമുന്നണിയായി മാറിക്കഴിഞ്ഞു. എല്ലാ വിഷയങ്ങളിലും സിപിഐക്കു വ്യത്യസ്ത അഭിപ്രായങ്ങളാണ്. സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതു മുന്നണിയുടെ തകർച്ചയാണു കാണിക്കുന്നത്. മന്ത്രിമാർക്കു മുഖ്യമന്ത്രിയിലും അദ്ദേഹത്തിനു മന്ത്രിമാരിലും വിശ്വാസമില്ലാത്ത സാഹചര്യത്തിൽ എങ്ങനെ ഭരണം മുന്നോട്ടു പോകുമെന്ന് അദ്ദേഹം ചോദിച്ചു. ‘പടയൊരുക്കം’ ജാഥയോടനുബന്ധിച്ചു മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

വകുപ്പുകൾ തമ്മിലുള്ള തർക്കം കാരണം ജനകീയ പ്രശ്‌നങ്ങളിൽ നടപടിയുണ്ടാകുന്നില്ല. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയതിന്റെ പേരിൽ 450 തസ്തിക വേണമെന്നു ഭക്ഷ്യമന്ത്രി പറയുന്നു. ഒരു തസ്തികയും അനുവദിക്കാൻ സിപിഎമ്മുകാരനായ ധനമന്ത്രി തയാറാകുന്നില്ല. വിലക്കയറ്റം നേരിടാൻ നടപടി വേണമെന്നു ഭക്ഷ്യമന്ത്രി പറയുമ്പോൾ ഫണ്ട് നൽകാൻ ധനമന്ത്രി ഒരുക്കമല്ല. ഭൂനിയമ ചട്ടങ്ങളും നെൽവയൽ തണ്ണീർത്തട നിയമങ്ങളും ലംഘിച്ചു പരിസ്ഥിതിലോല പ്രദേശത്തു വാട്ടർ തീം പാർക്ക് നിർമിച്ച പി.വി. അൻവർ എംഎൽഎയ്ക്കെതിരെ നടപടി സ്വീകരിക്കണം.

തോമസ് ചാണ്ടിയുടെ കാര്യത്തിലെ നിലപാടല്ല സിപിഐ ജോയ്സ് ജോർജ് എംപിയുടെ കാര്യത്തിൽ സ്വീകരിക്കുന്നത്. ജോയ്സ് ജോർജ് നിയമലംഘനം നടത്തിയതുകൊണ്ടാണു കലക്ടർ പട്ടയം റദ്ദാക്കിയത്. റവന്യു മന്ത്രി മൃദുസമീപനം സ്വീകരിക്കുന്നതു ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ അപ്രഖ്യാപിത ട്രഷറി നിയന്ത്രണമാണ്. ആകെ കടമെടുക്കാൻ കഴിയുന്ന 20,500 കോടി രൂപയിൽ 14,500 കോടിയും എടുത്തു കഴിഞ്ഞു. കൊട്ടിഘോഷിച്ച കിഫ്ബി വഴി ഒരു പദ്ധതിപോലും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഹരിത കേരളം, ലൈഫ്, ആർദ്രം, പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തൽ മിഷനുകൾ പരാജയപ്പെട്ടു.

തുടർച്ചയായി മാധ്യമ പ്രവർത്തകരെ അപമാനിക്കുന്ന നിലപാടു മുഖ്യമന്ത്രിക്കു ചേർന്നതല്ല. റഫാൽ ആയുധ ഇടപാടിൽ വൻ അഴിമതിയുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസിനെ മാറ്റിനിറുത്തുകയും മുൻപരിചയമില്ലാത്ത സ്വകാര്യ സ്ഥാപനത്തിനു സാങ്കേതികവിദ്യ കൈമാറുകയും ചെയ്യുന്നതു രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണെന്നും ചെന്നിത്തല ആരോപിച്ചു.