Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നാക്കക്കാർക്കു സംവരണം: ഉമ്മൻ ചാണ്ടിയുടെ ആശയത്തിൽ നേട്ടം കൊയ്തതു പിണറായി

oommen-chandy-pinarayi-vijayan

കോട്ടയം ∙ ദേവസ്വം നിയമനത്തിൽ മുന്നാക്കവിഭാഗത്തിലെ നിർധനർക്കു സംവരണം നൽകണമെന്ന എൻഎസ്എസിന്റെ ആവശ്യത്തിന് ഉത്തരം കണ്ടുപിടിച്ചത് ഉമ്മൻ ചാണ്ടിയെങ്കിലും നേട്ടമുണ്ടാക്കിയതു പിണറായി വിജയൻ.

സർക്കാർ നിയമനത്തിൽ മതന്യൂനപക്ഷങ്ങൾക്കുള്ള 18% സംവരണത്തിലെ ഒരുഭാഗം ദേവസ്വം നിയമനത്തിൽ ഹിന്ദു മുന്നാക്ക വിഭാഗങ്ങളിലെ പാവങ്ങൾക്കു നൽകണമെന്ന് എൻഎസ്എസ് ആദ്യം ആവശ്യപ്പെട്ടതു യുഡിഎഫ് നേതൃത്വത്തോടാണ്. ഇതുസംബന്ധിച്ചു തർക്കം വന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇതിനു പരിഹാര ഫോർമുല മുന്നോട്ടുവച്ചു. പത്തു ശതമാനം മുന്നാക്ക വിഭാഗത്തിനും ബാക്കി എട്ടിൽ കൂടുതൽ ഇൗഴവ വിഭാഗത്തിനും ബാക്കി ഹിന്ദു വിഭാഗങ്ങൾക്ക് ആനുപാതികമായും സംവരണമെന്നതായിരുന്നു ആ ഫോർമുല. പക്ഷേ എസ്എൻഡിപി യോഗത്തിന്റെ എതിർപ്പ് ഉയർന്നപ്പോൾ യുഡിഎഫ് അതു നടപ്പാക്കുന്നതിൽ നിന്നു പിന്മാറി. ഇതേ ഫോർമുല തന്നെയാണ് ഇടതുമുന്നണി മുന്നോട്ടുവച്ചതും പിണറായി വിജയൻ നടപ്പാക്കിയതും.

ഇടതുമുന്നണി പ്രകടന പത്രികയിൽ മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുമെന്നു വാഗ്ദാനം ചെയ്തിരുന്നു. അതിലേക്കുള്ള ചുവടുവയ്പായി ഈ തീരുമാനത്തെ അവതരിപ്പിക്കുകയാണ് എൽഡിഎഫ് സർക്കാർ.

തോമസ് ചാണ്ടിയെച്ചൊല്ലി സിപിഐ ബഹിഷ്കരിച്ച മന്ത്രിസഭാ യോഗത്തിൽ തന്നെ ഇൗ നിർണായക തീരുമാനമെടുത്തു കയ്യടി സ്വന്തമാക്കുകയായിരുന്നു സിപിഎമ്മും മുഖ്യമന്ത്രിയും. ഇടതുമുന്നണിയുടെ ഇൗ നീക്കം രാഷ്ട്രീയമായി കോൺഗ്രസിനും ബിജെപിക്കും എതിരെയുള്ള അമ്പുമായിരുന്നു.

മുന്നാക്ക സമുദായങ്ങളെ പാട്ടിലാക്കാനുള്ള ബിജെപിയുടെ ശ്രമത്തിനു തടയിടാൻ‌ സംവരണ തീരുമാനം ഉപയോഗിക്കാനാണു സിപിഎമ്മിന്റെ ശ്രമം. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു സംവരണാനുകൂല്യം നൽകണമെന്നാവശ്യപ്പെട്ടു ഭരണഘടനാഭേദഗതി വേണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി പ്രഖ്യാപിച്ചതും ഇതിന്റെ സൂചനയാണ്. കേന്ദ്ര സർക്കാരിനു മുന്നിൽ എൻഎസ്എസിന്റെ ആവശ്യവും ഇതാണ്. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു സംവരണാനുകൂല്യം നൽകണമെന്നു ശുപാർശ ചെയ്ത മുൻ ദേശീയ കമ്മിഷൻ എസ്.ആർ.സിൻഹുവിന്റെ റിപ്പോർട്ട് നടപ്പാക്കണമെന്നതാണ് എൻഎസ്എസിന്റെ ആവശ്യം.

കോൺഗ്രസ് നേതൃത്വത്തിനു നിരാശയുണ്ട്. ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് രൂപീകരിച്ചു ചട്ടവും ഭേദഗതികളും ഉണ്ടാക്കിയതു യുഡിഎഫ് സർക്കാരാണ്. യു‍ഡിഎഫ് തീരുമാനമായ ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് വേണ്ടെന്നായിരുന്നു ഇടതുമുന്നണിയുടെ ആദ്യ അഭിപ്രായം. ഇതിൽ എൻഎസ്എസ് എതിർപ്പുന്നയിച്ചപ്പോൾ എൽഡ‍ിഎഫ് സർക്കാർ അതിൽ നിന്നു പിന്മാറി. ശാന്തി നിയമനത്തിനും ആനപ്പാപ്പാൻ നിയമനത്തിനും അപേക്ഷകൾ ക്ഷണിച്ച യുഡിഎഫ് സർക്കാർ ചോദ്യക്കടലാസും പരീക്ഷാഹാളും വരെ നിശ്ചയിച്ചിരുന്നു. ആ സമയത്താണു തിരഞ്ഞെടുപ്പു വന്നതും ഇടതു സർക്കാർ അധികാരമേറ്റതും.

ദേവസ്വം റിക്രൂട്‌മെന്റ് ബോർഡിൽ പുതിയ അംഗങ്ങളെ വച്ച് പഴയ ചോദ്യക്കടലാസ് കൊണ്ടു തന്നെ ഇടതുസർക്കാർ പരീക്ഷ നടത്തി. പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടെയുള്ളവരെ മേൽശാന്തിമാരായി നിയമിച്ചു പേരെടുത്തു. ഇപ്പോൾ ദേവസ്വം നിയമനത്തിലെ സംവരണക്കാര്യത്തിലും യുഡിഎഫ് ഫോർമുല തന്നെ നടപ്പാക്കി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും നേട്ടം കൊയ്യുന്നു. 

ഇടതു സർക്കാരിന്റെ നിലപാട് സാമൂഹികനീതി ഉറപ്പുവരുത്താനുള്ള നീക്കത്തിനു തുടക്കംകുറിക്കും. എൻഎസ്എസ് ആദ്യകാലം മുതൽ മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണ്. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിലെ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിനെ നേരിൽ കണ്ട് സമുദായാചാര്യൻ മന്നത്തു പത്മനാഭനും എസ്എസ്‌എസ് പ്രതിനിധികളും ഇക്കാര്യത്തിൽ നിവേദനം നൽകിയിരുന്നു. മുന്നാക്കക്കാരിലെ പാവങ്ങൾക്കു സംവരണാനുകൂല്യം നൽകണമെന്ന് ഇഎംഎസ് പ്രതികരിക്കുകയും ചെയ്തിരുന്നു. മുന്നാക്കസമുദായങ്ങളിലെ പാവങ്ങളുടെ അവസ്ഥ നേരിട്ടു മനസ്സിലാക്കണമെന്നും സാമൂഹികനീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. ഇപ്പോഴാണു പ്രായോഗിക നടപടിയായത്. മറ്റു സർക്കാർ വിഭാഗങ്ങളിലും മുന്നാക്കക്കാരിലെ പാവങ്ങൾക്കു സംവരണാനുകൂല്യം നൽകാൻ ശ്രമിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നാട്ടിലെ യാഥാർഥ്യം ബോധ്യപ്പെട്ടതുകൊണ്ടാണ്. സർക്കാരിന്റെ ധീരമായ ചുവടുവയ്പ് സ്വാഗതാർഹമാണ്.' - ജി.സുകുമാരൻ നായർ (എൻഎസ്എസ് ജന. സെക്രട്ടറി)

'സർക്കാരിന്റെ ഏകപക്ഷീയമായ നടപടിക്കെതിരെ നിയമപോരാട്ടത്തിനിറങ്ങും. ദേവസ്വം നിയമനത്തിൽ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്കു പത്തു ശതമാനം സംവരണം കൊടുക്കാനുള്ള തീരുമാനം സമൂഹത്തിന്റെ തുല്യത തെറ്റിക്കും. ഉഭയകക്ഷി ചർച്ച പോലും ഇല്ലാതെയാണു തീരുമാനമെടുത്തത്. സിപിഎമ്മിനെ സംരക്ഷിച്ചു നിർത്തുന്ന പിന്നാക്ക–അധസ്ഥിത വർഗത്തെ ചതിക്കുന്ന തീരുമാനമാണിത്. 90 വർഷമായി ക്ഷേത്രപ്രവേശന വിളംബരമുണ്ടായിട്ട് ഇപ്പോഴാണ് ഒരു പിന്നാക്കക്കാരനു ശാന്തിയാകാൻ അവസരം കിട്ടിയതെന്നും ഓർക്കണം.' - വെള്ളാപ്പള്ളി നടേശൻ (എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി) 

related stories