Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവഗിരിയുടെ മഹത്വം മനസ്സിലാക്കി വേണം സ്വാമിമാർ സംസാരിക്കാനെന്നു മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനെയും തലസ്ഥാനത്തു ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെയും വിമർശിച്ച ശിവഗിരി ശ്രീനാരായണ ധർമസംഘം ഭാരവാഹികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി ചോദിച്ചാൽ എന്താണു കുഴപ്പമെന്നു ചോദിക്കുന്നവരുടെ നാവായി സന്യാസിമാർ മാറരുതെന്നും ശിവഗിരിയുടെ മഹത്വം മനസ്സിലാക്കി വേണം അഭിപ്രായം പറേയണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാനത്തു ഗുരുപ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തിൽ എതിർപ്പു പ്രതീക്ഷിച്ചതല്ല. അതുണ്ടായതും തീർത്തും അപ്രതീക്ഷിതമായ കോണിൽനിന്നാണ്. ഗുരുവിനെ ചരിത്രപുരുഷനാക്കി മാറ്റുന്നുവെന്നാണു വിയോജിപ്പിനു കാരണമായി പറയുന്നത്. ഗുരു ചരിത്രപുരുഷനാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അദ്ദേഹത്തിന്റെ മഹത്വം എല്ലാവർക്കും അറിയാം. സ്വാമിമാരുടെ പ്രസ്താവനയിൽ സവർണ മേധാവിത്വത്തിന്റെ രാഷ്ട്രീയമാണ്.

ശിവഗിരിയെ മുമ്പു നയിച്ചവർ ജാതിക്ക് എതിരായിരുന്നു. ഗുരുദർശനം ഉൾക്കൊള്ളുന്നവർ ജാതി ചിന്തിക്കില്ല. തലസ്ഥാനത്തു പൊതുസ്ഥലത്തു ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഇല്ല. ഇവിടം സന്ദർശിക്കുന്ന ഒരു വിശിഷ്ട വ്യക്തി സംസ്ഥാനത്തെ പ്രമുഖ നവോത്ഥാന നായകന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാൽ എന്തു ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗുരു ഗോപിനാഥ് പുരസ്കാരം കേരള നടനം നർത്തകി പങ്കജവല്ലിക്കു സമ്മാനിക്കുന്ന ചടങ്ങായിരുന്നു വേദി.

സാമ്പത്തിക സംവരണം അനിവാര്യം: മുഖ്യമന്ത്രി

മുന്നാക്കക്കാരിലെ നിർധനർക്കു സംവരണം അനിവാര്യമാണെന്ന് ആവർത്തിച്ചു മുഖ്യമന്ത്രി. തെറ്റിദ്ധാരണ ഉള്ളവരാണു വിയോജിക്കുന്നത്. ദേവസ്വം ബോർഡിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിനും അതു കുറയില്ല. മറിച്ച്, ചെറിയ ശതമാനം വർധനയും ഉണ്ടാകും. ഹിന്ദുക്കൾ മാത്രമുള്ള ദേവസ്വം ബോർഡിൽ സംവരണ മാനദണ്ഡപ്രകാരം മറ്റു മതസ്ഥർക്കു ജോലി ചെയ്യാനാകില്ല. ആ ഒഴിവുകൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ തീരുമാനം. സാമൂഹികനീതി ഉറപ്പാക്കാൻ സാമ്പത്തിക സംവരണം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

related stories