Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനയം കാണിക്കുന്നത് പൊലീസുകാർ കുറവായി കരുതേണ്ടതില്ല: മുഖ്യമന്ത്രി

pinarayi പാലക്കാട് മുട്ടിക്കുളങ്ങരയിൽ നടന്ന കെഎപി ഒന്ന്, രണ്ട് ബറ്റാലിയൻ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിനിടെ കടുത്ത ചൂടേറ്റ് ഇരുപതോളം സേനാംഗങ്ങൾ കുഴഞ്ഞുവീണതു കണ്ടതോടെ പ്രസംഗം വേഗം നിർത്തി ഇരിപ്പിടത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. ‘വെയിലത്തെ ഈ വീഴ്ച ഒരു റെക്കോർഡ് ആണല്ലോ’ എന്നു ഡിജിപി ലോക്നാഥ് ബെഹ്റയോടു പറയുകയും ചെയ്തു മുഖ്യമന്ത്രി ചിത്രം: മനോരമ

പാലക്കാട്∙പെരുമാറ്റത്തിൽ വിനയം ഉണ്ടായിരിക്കുന്നതു പൊലീസുകാർക്ക് ഒരു കുറവല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുട്ടിക്കുളങ്ങര കെഎപി രണ്ട് ബറ്റാലിയനിൽ കെഎപിഒന്ന്, രണ്ട് ബറ്റാലിയനുകളിലെ 420 പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

മനുഷ്യന്റെ അന്തസ്സ് ഹനിക്കാതെയും ആത്മാഭിമാനം ചോദ്യം ചെയ്യാതെയും വേണം പൊലീസ് തങ്ങളുടെ ചുമതല നിർവഹിക്കാൻ. ‘മൃദു ഭാവെ ദൃഢ ചിത്തെ’ എന്ന ആപ്തവാക്യം ഉയർത്തിപ്പിടിക്കുന്ന മനോഭാവമാകണം. ജനങ്ങളിലേക്ക് ഇറങ്ങുമ്പോഴാണു പൊലീസുകാർക്കു പരീക്ഷണഘട്ടം തുടങ്ങുന്നത്. ഒരുനിമിഷം മതി കാര്യങ്ങൾ കൈവിട്ടുപോവാൻ എന്ന ജാഗ്രത ഉണ്ടാവണമെന്നും പിണറായി വിജയൻ പറഞ്ഞു.

എംഎൽഎ മാരായ പി.ഉണ്ണി, കെ.വി.വിജയദാസ്, പി.കെ.ശശി, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, സായുധ ബറ്റാലിയൻ എഡിജിപി സുധേഷ് കുമാർ, ഡിഐജി കെ.ഷെഫീൻ അഹമ്മദ്, കെഎപി രണ്ട് കമൻഡാന്റ് പി.എസ്.ഗോപി, കെഎപി ഒന്ന് കമൻഡാന്റ് പി.വി.വിൽസൺ, മറ്റു കമൻഡാന്റുമാരായ യു.ഷറഫലി, സിറിൽ.സി.വള്ളൂർ, തോംസൺ ജോസ്, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

പരിശീലനത്തിന്റെ ഭാഗമായി പ്രാഗദ്ഭ്യം തെളിയിച്ച സേനാംഗങ്ങൾക്കുള്ള ട്രോഫികൾ മുഖ്യമന്ത്രി വിതരണം ചെയ്തു. വിജയികൾ: ഒന്ന്, രണ്ട് ബറ്റാലിയൻ ക്രമത്തിൽ. ബെസ്റ്റ് ഇൻഡോർ: ബി.സുജിത് (ആലപ്പുഴ), സാബു സൈലെസ് (തിരുവനന്തപുരം). ബെസ്റ്റ് ഔട്ട്ഡോർ: നിഖിൽ ശ്രീനിവാസൻ (ഇടുക്കി), മാത്യു പോൾ (പാലക്കാട്). ബെസ്റ്റ് ഷൂട്ടർ അമൽ ചന്ദ്രൻ (എറണാകുളം), എം.എച്ച്. ഷിനാഫ് (പാലക്കാട്). മികച്ച ഓൾ റൗണ്ടർ: നിഖിൽ ശ്രീനിവാസൻ, മാത്യു പോൾ (പാലക്കാട്).

കെഎപി ഒന്നിലെ 151 പേർ പാണ്ടിക്കാട് ആർആർആർഎഫ് ക്യാംപിലും 269 പേർ കെഎപി രണ്ടിലും പരിശീലനം പൂർത്തിയാക്കി. ഇവരിൽ 33 പേർ പിജി, 19 പേർ ബിടെക്, മൂന്നുപേർ ബിഎഡ്/എംഎഡ്, ഒരാൾ വീതം എൽഎൽബി, എംബിഎ, ബിഫാം, 185 ബിരുദധാരികൾ, ഡിപ്ലോമ 11, പ്ലസ് ടു 142, ഐടിഐ 15 എന്നിങ്ങനെ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. കോൺസ്റ്റബിൾ തസ്തികയ്ക്കുള്ള അടിസ്ഥാനയോഗ്യതയായ എസ്എസ്‌എൽസി മാത്രം പൂർത്തിയാക്കിയവർ ഒൻപതു പേർ മാത്രം.