Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിസ്ഥിതി സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം∙ പരിസ്ഥിതി സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സാക്ഷരതാ മിഷന്റെ പരിസ്ഥിതി സെമിനാർ ഉദ്ഘാടനവും ജലസ്രോതസ്സുകളുടെ സ്ഥിതിവിവര പഠന റിപ്പോർട്ടിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

നികത്തിയതും ഉപയോഗശൂന്യമായതുമായ ജലസംഭരണികളുടെ വീണ്ടെടുപ്പിനുള്ള സർക്കാർ യജ്ഞത്തിനു വലിയ ജനകീയ സഹകരണമാണു ലഭിക്കുന്നത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കുളങ്ങളെല്ലാം സംരക്ഷിക്കാൻ കഴിയണം. നദീജല സംരക്ഷണത്തിനു പണം സ്വയം കണ്ടെത്തി ജനങ്ങൾ മുന്നിട്ടിറങ്ങുന്ന കാഴ്ച ഹരിതകേരള ദൗത്യത്തിനു പ്രതീക്ഷ പകരുന്നതാണ്. 

വീടുകൾക്കു മേൽ പതിക്കുന്ന മഴവെള്ളം മുഴുവൻ സംരക്ഷിക്കണം. കിണറില്ലെങ്കിൽ മഴക്കുഴിയെങ്കിലും എല്ലാ വീട്ടുമുറ്റങ്ങളിലും വേണം. വലിയ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ ജലംസംഭരണികൾ നിർബന്ധമാക്കണം– മുഖ്യമന്ത്രി പറഞ്ഞു. പഠന റിപ്പോർട്ട് മുഖ്യമന്ത്രിയിൽനിന്നു ‘ഹരിത കേരളം’ ഉപാധ്യക്ഷ ഡോ. ടി.എൻ.സീമ ഏറ്റുവാങ്ങി. 

മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്.ശിവകുമാർ എംഎൽഎ, സി.പി.നാരായണൻ എംപി, പാലോട് രവി, സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്.ശ്രീകല, അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജെ.വിജയമ്മ എന്നിവർ പ്രസംഗിച്ചു. റെസ്റ്റ് ഹൗസിൽ ഇന്നു ജൈവ വൈവിധ്യം, മണ്ണ് എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. ഉച്ചയ്ക്കു രണ്ടിനു സമാപന യോഗം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

related stories