Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ ബോധവൽക്കരണം പാഠ്യപദ്ധതിയിലേക്ക്

kerala-can കാൻസറിനെതിരെയുള്ള പ്രചാരണം ലക്ഷ്യമിട്ട് മനോരമ ന്യൂസ് നടത്തിയ ‘കേരള കാൻ’ ജനകീയദൗത്യത്തിന്റെ ഭാഗമായ ചികിൽസാ പദ്ധതിക്ക് കോഴിക്കോട് എംവിആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണനു ഒരു കോടി രൂപയുടെ ചെക്ക് കൈമാറി മന്ത്രി കെ.കെ. ശൈലജ തുടക്കം കുറിക്കുന്നു. എംവിആർ കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാരിയർ, നടി മഞ്ജു വാരിയർ, ഇറാം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. സിദ്ദീഖ് അഹമ്മദ്, മനോരമ ന്യൂസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പി.ആർ. സതീഷ് എന്നിവർ സമീപം. ചിത്രം: മനോരമ

കോഴിക്കോട്∙ കാൻസർ ബോധവൽക്കരണം ലക്ഷ്യമിട്ട് മനോരമ ന്യൂസ് നടത്തിയ ‘കേരള കാൻ’ ജനകീയദൗത്യത്തിന്റെ ഭാഗമായി ഒരുകോടി രൂപയുടെ ചികിൽസാ പദ്ധതിക്കുതുടക്കം. ഇറാം ഗ്രൂപ്പിന്റെ പിന്തുണയിൽ ചൂലൂർ എംവിആർ കാൻസർ സെന്ററിന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. 

കേരള കാൻ മൂന്നാംപതിപ്പിന്റെ സമാപനത്തോനുബന്ധിച്ചുനടന്ന ലൈവത്തണിൽ മന്ത്രി കെ.കെ. ശൈലജ ഒരുകോടിയുടെ ചെക്ക് എംവിആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണനു കൈമാറി. കാൻസർ ബോധവൽക്കരണം സ്കൂളുകളിലെ പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. ആശുപത്രികളിൽ കാൻസർ ട്രീറ്റ്മെന്റ് പ്രോട്ടോകോൾ നടപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്. കാൻസറിനെതിരെയുള്ള ബോധവൽക്കരണത്തിൽ കേരള കാൻ ദൗത്യത്തിനു വലിയ പങ്കുവഹിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. 

നടി മഞ്ജു വാരിയർ, ഇറാം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. സിദ്ദീഖ് അഹമ്മദ്, എംവിആർ കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാരിയർ, മനോരമ ന്യൂസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പി.ആർ. സതീഷ് എന്നിവർ പങ്കെടുത്തു. ബോധവൽക്കരണം, രോഗനിർണയം എന്നീ രണ്ടുഘട്ടങ്ങൾ പിന്നിട്ടശേഷമാണ് സൗജന്യചികിൽസ എന്ന ദൗത്യം മനോരമ ന്യൂസ് ഏറ്റെടുത്തത്. 

ലൈവത്തണിൽ നിറഞ്ഞത് പ്രതീക്ഷയുടെ കഥകൾ 

മരുന്നുകൊണ്ടും മനസ്സുകൊണ്ടും കാൻസറിനെ തോൽപിച്ചവരുടെ അനുഭവങ്ങൾ പങ്കുവച്ച് മനോരമ ന്യൂസിന്റെ ലൈവത്തൺ. നടി മ‍ഞ്ജു വാരിയർ അവതാരകയായ പരിപാടിയിൽ മുഴങ്ങിയത് പ്രതീക്ഷയുടെ കഥകളായിരുന്നു. കാൻസറിനെ തോൽപിച്ച സാക്ഷ്യവുമായി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയമെത്രോപ്പോലീത്ത, ഫാ.ടി.ജെ.ജോഷ്വ, നടൻ കൊല്ലം തുളസി, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, എഴുത്തുകാരി ചന്ദ്രമതി എന്നിവർ പങ്കെടുത്തു. സന്തോഷ് വർമ രചിച്ച അവതരണഗാനം രമ്യാ നമ്പീശൻ ആലപിച്ചു. ആർട്ടിസ്റ്റ് നമ്പൂതിരി തൽസമയം ചിത്രമെഴുതി. 

ഒൻപതാം ക്ലാസുകാരി സുവർണ മുല്ലപ്പള്ളി കേരള കാൻ ദ്യൗത്യത്തെക്കുറിച്ച് രചിച്ച കവിത അവതരിപ്പിച്ചു. ഫുട്ബോൾ താരം സി.കെ.വിനീതും പങ്കെടുത്തു. തിരുവനന്തപുരം ഫ്ലയിങ് എലിഫൻറ് ബാൻഡിന്റെ സംഗീതപരിപാടിയും ഉണ്ടായിരുന്നു. കാൻസറിനെ അതിജീവിച്ച ഒ. ശ്യാമള, സൈറ ബാനു, സുഷ്മിത അജിത്, നീരജ് ജോർജ് ബേബി, ദേവിക ശശികുമാർ എന്നിവരെ ആദരിച്ചു. 

related stories