Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന്റെ ഭാവിക്ക് അതിരപ്പിള്ളിക്കൊപ്പം നിൽക്കണം: മന്ത്രി എം.എം. മണി

mm-mani-kareem വെടി പൊട്ടിക്കല്ലേ, ആശാനേ..! കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ തൃശൂരിൽ നടത്തിയ അതിരപ്പിള്ളി പദ്ധതി വൈദ്യുതി വികസന സെമിനാറിന്റെ ഉദ്ഘാടന പ്രസംഗത്തിനായി എഴുന്നേറ്റ മന്ത്രി എം.എം.മണിയുടെ ചെവിയിൽ രഹസ്യം പറയുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റുമായ എളമരം കരീം. ചിത്രം: ഉണ്ണി കോട്ടക്കൽ

തൃശൂർ ∙ ഏത് ഉറക്കത്തിൽ വിളിച്ചുചോദിച്ചാലും അതിരപ്പിള്ളി പദ്ധതി വേണം   എന്നു താൻ പറയുമെന്ന് മന്ത്രി എം.എം. മണി. പദ്ധതി നടപ്പാക്കാൻ ഇതുവരെ ഇടതുസർക്കാർ തീരുമാനമെടുത്തിട്ടില്ല. ആരൊക്കെ എതിർത്താലും ഒരുനാൾ പദ്ധതി നടപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ നടത്തിയ വൈദ്യുതി വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി.

ആകെ ഉപയോഗത്തിന്റെ 30% വൈദ്യുതി മാത്രമാണ് കേരളത്തിൽ നിർമിക്കുന്നത്. ബാക്കി മുഴുവൻ കോടിക്കണക്കിനു രൂപ കൊടുത്തു വാങ്ങുകയാണ്. പ്രകൃതിക്കോ ആവാസ വ്യവസ്ഥയ്ക്കോ അധികം ആഘാതമേൽപ്പിക്കാതെ 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധ്യതയുള്ളത് കേരളത്തിൽ ഇപ്പോൾ അതിരപ്പിള്ളി പദ്ധതി മാത്രമേ ഉള്ളുവെന്നും മണി പറഞ്ഞു.

വെള്ളച്ചാട്ടം നശിപ്പിക്കാത്ത വിധമാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും മണി വ്യക്തമാക്കി. എന്തെങ്കിലുമൊരു പദ്ധതി നടപ്പാക്കാനിറങ്ങിയാൽ നേരാംവണ്ണം നടപ്പാക്കാൻ സമ്മതിക്കില്ലെന്നതാണു കേരളത്തിന്റെ പ്രശ്നമെന്നും മണി കുറ്റപ്പെടുത്തി. എളമരം കരീം അധ്യക്ഷത വഹിച്ചു.