Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപരാഷ്ട്രപതിക്ക് കൊച്ചിയിൽ സ്നേഹ സ്വീകരണം

venkaiah-kochi സുന്ദരം തന്നെ: കൊച്ചിയിൽ ഇന്ത്യൻ ഫിഷറീസ് ആൻഡ് അക്വാകൾചർ ഫോറം ഉദ്ഘാടനവേളയിൽ ഉപഹാരമായി ലഭിച്ച തന്റെ ചെറുപ്പകാലത്തെ ചിത്രം കണ്ടു കൗതുകം പൂണ്ട ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെയും ചിത്രം കാണിച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി ∙ ഉപരാഷ്ട്രപതിയായ ശേഷം ആദ്യ കേരള സന്ദർശനത്തിനു കൊച്ചിയിലെത്തിയ എം. വെങ്കയ്യനായിഡുവിനു സ്നേഹാദര സ്വീകരണം. ഉച്ചയ്ക്കു 12.05നു നാവിക വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ ജസ്റ്റിസ് പി. സദാശിവം, മന്ത്രി കെ.ടി. ജലീൽ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനുവേണ്ടി സ്വീകരിച്ചു.

കെ.വി. തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.ആർ. കാർവെ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജില്ലാ കലക്ടർ മുഹമ്മദ് സഫിറുല്ല, സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശ്, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ ഷൈൻ എ. ഹഖ് എന്നിവരും നാവിക വിമാനത്താവളമായ ഐഎൻഎസ് ഗരുഡയിൽ സ്വീകരിക്കാനെത്തി.

ഇവിടെ പ്രത്യേക പന്തലിൽ എത്തിയ ഉപരാഷ്ട്രപതിക്കു കേന്ദ്ര കാർഷിക ഗവേഷണ വകുപ്പ് സെക്രട്ടറി ഡോ. ത്രിലോചൻ മൊഹാപാത്ര, എഡിജിപി ബി. സന്ധ്യ, അസി. കലക്ടർ ഈഷ പ്രിയ, ബിജെപി ജില്ലാ നേതാക്കളായ എൻ.കെ. മോഹൻദാസ്, സി.ജി. രാജഗോപാൽ, എൻ.പി. ശങ്കരൻകുട്ടി, കെ.എസ്. ഷൈജു എന്നിവർ പൂച്ചെണ്ടുകൾ സമ്മാനിച്ചു. മന്ത്രിസഭാ യോഗമുള്ളതിനാൽ മുഖ്യമന്ത്രി സ്വീകരിക്കാൻ എത്തിയില്ല.

ഇന്നലെ  ഇന്ത്യൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഫോറം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ഇന്നു  കൊച്ചി കോർപറേഷന്റെ സുവർണ ജൂബിലിയിലും കൊച്ചിൻ ചേംബറിന്റെ വാർഷികാഘോഷത്തിലും പങ്കെടുത്ത ശേഷം ഉച്ചയ്ക്കു 12.30നു മടങ്ങും.