Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐ നേതാവിനെ ആക്രമിച്ച കേസിലെ പ്രതി മന്ത്രിക്കൊപ്പം സമൂഹമാധ്യമത്തിൽ, പിടിക്കാനായില്ലെന്ന് പൊലീസ്

Accused-with-Issac വധശ്രമക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ സിപിഎം നേതാവ് മനോമോഹനൻ മന്ത്രി തോമസ് ഐസക്കിനെ വസതിയിൽ സന്ദർശിച്ചതിന് ശേഷമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോൾ.

പാലക്കാട്∙ സിപിഐ നേതാവിനെ വധിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള കേസുകളിൽ പ്രതി എന്ന നിലയിൽ പൊലീസ് തിരയുന്ന സിപിഎം നേതാവ് മന്ത്രിയെ സന്ദർശിച്ചു സമൂഹമാധ്യമത്തിൽ ചിത്രമിട്ടതു വിവാദമായി. ചിത്രങ്ങൾ പുറത്തുവന്നിട്ടും പ്രതിയെ പിടികൂടാനായിട്ടില്ലെന്നാണു പൊലീസ് ഭാഷ്യം.

സിപിഎം തിരുമിറ്റക്കോട് ലോക്കൽ കമ്മിറ്റി അംഗവും ചാലിശ്ശേരി സ്വദേശിയുമായ മനോമോഹനനാണു മന്ത്രി തോമസ് ഐസക്കിനെ 23നു തിരുവനന്തപുരത്തെ വീട്ടിൽ പോയി കണ്ട ശേഷം ഒപ്പമിരിക്കുന്ന ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ചാലിശ്ശേരി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത മൂന്നു ക്രിമിനൽ കേസുകളിൽ പ്രതിയാണു മനോമോഹനൻ.

ഈ മാസം 13ന് സിപിഐ നേതാവ് ഇഞ്ചീരിവളപ്പിൽ ഹംസയെ ഇരുചക്രവാഹനം ഇടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലും വധഭീഷണി മുഴക്കിയ കേസിലും ഇയാൾ ഉൾപ്പെടെ 12 പേർ പ്രതികളാണ്. ജൂലൈ 23ന് അകിലാണം നരിക്കുഴിയിൽ ഭാർഗവിയെയും മരുമകളെയും വീട്ടിൽ കയറി ആക്രമിച്ച കേസിലും ഇവരുടെ ചെറുമകളെ കത്തി കഴുത്തിൽ വച്ചു ഭീഷണിപ്പെടുത്തിയ കേസിലും മനോമോഹനൻ ഉൾപ്പെടെ നാലു പേർ പ്രതികളാണ്. മകന്റെ വാഹനങ്ങൾ തല്ലിത്തകർത്തതു ചോദ്യം ചെയ്തതിനാണ് ആക്രമണമെന്നാണു കേസ്.

രാഷ്ട്രീയ സമ്മർദത്തെത്തുടർന്നു രണ്ടു കേസുകളിലും പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിനിടെയാണ് ഒരു സ്കൂളിലെ പിടിഎ പ്രസിഡന്റ് കൂടിയായ മനോമോഹനൻ അധ്യാപകർക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തു പോയത്. ഇതു കഴിഞ്ഞു മടങ്ങും വഴിയാണു മന്ത്രിയെ സന്ദർശിച്ചതും ചിത്രങ്ങൾ പോസ്റ്റ് ചെയ്തതും.

തന്നെ കാണാനെത്തിയ സ്കൂൾ അധികൃതരെന്ന കുറിപ്പോടെ മന്ത്രി തോമസ് ഐസക്കും ഈ ചിത്രം ഷെയർ ചെയ്തു. ഇതിനു താഴെ ‘താങ്കൾക്കൊപ്പമിരിക്കുന്നയാൾ ക്രിമിനൽ കേസിൽ പ്രതിയാണ്’ എന്നു ചിലർ കമന്റ് ചെയ്തിട്ടുണ്ട്. പ്രഥമവിവര റിപ്പോർട്ടിന്റെ പകർപ്പും കമന്റിനൊപ്പം കാണാം.

related stories