Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി നഷ്ടപ്പെട്ട പതിനഞ്ചോളം മലയാളികൾ റിയാദിൽ കുടുങ്ങി

ഫോർട്ട്കൊച്ചി ∙ സ്വദേശിവൽക്കരണം മൂലം ജോലി നഷ്ടപ്പെട്ട പതിനഞ്ചോളം മലയാളികൾ നാട്ടിലേക്കു മടങ്ങാൻ വഴിയില്ലാതെ സൗദി അറേബ്യയിലെ റിയാദിൽ കുടുങ്ങിക്കിടക്കുന്നു. അഞ്ചു മാസം മുൻപാണ് ഇവർ ജോലിക്കായി റിയാദിൽ എത്തിയത്. നാട്ടിലേക്കു മടങ്ങണമെങ്കിൽ 1,15,000 രൂപ കമ്പനിയിൽ കെട്ടിവയ്ക്കണമെന്ന നിബന്ധനയാണ് തൊഴിലാളികൾക്കു വിനയായത്.

സൗദിയിലെ ഇന്ത്യൻ എംബസിയിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവരിലൊരാളായ വയനാട് ബത്തേരി സ്വദേശി പി.ബി. ജിഷിത് റിയാദിൽ നിന്ന് ഫോണിലൂടെ അറിയിച്ചു. ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയിലാണ് കഴിയുന്നതെന്നും പണം ഇല്ലാത്തതിനാൽ ദിവസം ഒരു നേരം മാത്രമാണ് പലരും ഭക്ഷണം കഴിക്കുന്നതെന്നും ജിഷിത് പറയുന്നു. ഇത്രയും തുക കെട്ടിവയ്ക്കാൻ നിവൃത്തിയില്ലാത്തവരാണ് കൂടുതൽ പേരും. തങ്ങളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ജിഷിത് അഭ്യർഥിച്ചു.

ഇവരുടെ കൂട്ടത്തിൽ നിന്ന് രണ്ടുപേർ കഴിഞ്ഞ ദിവസം നാട്ടിൽ എത്തി. വീട്ടുകാർ സ്വർണം വിറ്റും മറ്റും അയച്ചുകൊടുത്ത പണം കമ്പനിയിൽ കെട്ടിവച്ചശേഷം റിയാദിലുള്ള ചില സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് ഇവർ മടങ്ങിയത്. ഭാര്യയുടെ താലിമാല വരെ വിറ്റു വീട്ടുകാർ പണം അയച്ചുതന്നതിനാലാണു നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതെന്നു ഫോർട്ട്കൊച്ചി അമരാവതി എസ്ജെഡി സ്ട്രീറ്റിൽ അജിത് അഭിമന്യു പറഞ്ഞു.

അങ്കമാലിയിലെ ഏജൻസി വഴിയാണ് 75,000 രൂപ വീതം നൽകി അൽഹൊക്കെയ്ർ ഫാഷൻ റീട്ടെയ്ൽ ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലിക്കു കയറിയത്. കഴിഞ്ഞ ഒക്ടോബർ 30ന് ജോലി നഷ്ടപ്പെട്ടു. മറ്റുള്ളവർക്കു രണ്ടു മാസത്തെ ശമ്പളവും നഷ്ടപരിഹാരവും കമ്പനി നൽകിയെങ്കിലും ഇന്ത്യക്കാരായവർക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ തങ്ങൾ കമ്പനി ജീവനക്കാർ അല്ലെന്നും സപ്ലയർ കമ്പനിയുടെ ജീവനക്കാരാണെന്നും നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നുമാണു പറഞ്ഞത്. ഏജൻസി അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവരും കയ്യൊഴി‍ഞ്ഞതായി അജിത് പറഞ്ഞു.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഇമെയിൽ സന്ദേശം അയയ്ക്കുകയും ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ടെന്ന് അജിത് അറിയിച്ചു.