Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാപ്പുകൾ തുറക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നു പരാതി: രണ്ട് ഉദ്യോഗസ്ഥർക്കു സ്ഥലംമാറ്റം

Bribe Representational Image

ആലപ്പുഴ ∙ പുനർലേലം നടത്തിയ കള്ളുഷാപ്പുകൾ തുറന്നു പ്രവർത്തിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കു സ്ഥലം മാറ്റം. ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ എൻ.കിഷോർകുമാർ, കായംകുളം എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.വിജയകുമാർ എന്നിവരെയാണ് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ചേർത്തല വാരനാട് മക്ഡവൽസ് ഡിസ്റ്റിലറിയിലേക്കു സ്ഥലം മാറ്റിയത്.

കായംകുളം റേഞ്ചിൽ അനധികൃത കള്ളു വിതരണം ചെയ്തതിനെത്തുടർന്ന് അടച്ചിട്ടിരുന്ന മുപ്പതോളം ഷാപ്പുകൾ അടുത്തിടെ പുനർലേലം ചെയ്ത് തുറന്നു പ്രവർത്തിക്കാൻ അനുമതി നേടിയിരുന്നു. ഷാപ്പുകൾ തുറന്നു പ്രവർത്തിക്കാൻ രണ്ട് ഉദ്യോഗസ്ഥരും ചേർന്നു കരാറുകാരോടു വൻ‌‍ തുക കൈക്കൂലി ആവശ്യപ്പെട്ടെന്നാണു പരാതി. കരാറുകാർ ചെത്തുതൊഴിലാളി യൂണിയൻ നേതാക്കൾ മുഖേന എക്സൈസ് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുകയും പരാതി എക്സൈസ് കമ്മിഷണർക്കു ലഭിക്കുകയും ചെയ്തു.

പരാതി അന്വേഷിച്ച എക്സൈസ് കമ്മിഷണർ രണ്ട് ഉദ്യോഗസ്ഥരെയും ഫീൽഡ് ഓഫിസ് ജോലികളിൽനിന്നു മാറ്റാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു സ്ഥലംമാറ്റം. ഉത്തരവു കൈപ്പറ്റിയെങ്കിലും ഇരുവരും പുതിയ ഓഫിസിൽ ചുമതലയേറ്റിട്ടില്ല. സ്ഥലംമാറ്റം മരവിപ്പിച്ചു ചെങ്ങന്നൂരിലോ മാവേലിക്കരയിലോ എക്സൈസ് ഓഫിസിലേക്കു സ്ഥലംമാറ്റം നേടാൻ, പരാതി നൽകിയ യൂണിയൻ നേതാക്കളുമായി ഒത്തുതീർപ്പു ചർച്ച നടത്തിയതായി സൂചനയുണ്ട്. എന്നാൽ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ഇതിനു വഴങ്ങിയില്ലെന്ന് അറിയുന്നു.  

related stories