Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതി നിരക്ക് നാലു വർഷത്തേക്ക്; 4 പൈസ കൂടി കൂട്ടണമെന്ന് ബോർഡ്

തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത നാലുവർഷത്തെ വൈദ്യുതി നിരക്ക് ഒന്നിച്ചു പ്രഖ്യാപിക്കുന്നതിനു വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നടപടി തുടങ്ങി. ഇന്ധന സർചാർജ് ആയി യൂണിറ്റിനു 14 പൈസ വർധിപ്പിക്കണമെന്നു നേരത്തേ ആവശ്യപ്പെട്ടതിനു പുറമെ യൂണിറ്റിനു നാലു പൈസ കൂടി കൂട്ടണമെന്നു കമ്മിഷനോടു ബോർഡ് രേഖാമൂലം ആവശ്യപ്പെട്ടു. നിരക്കു വർധന സംബന്ധിച്ച കരടു ചട്ടങ്ങളിലാണ് അടുത്ത നാലുവർഷത്തെ നിരക്ക് ഒന്നിച്ചു നിശ്ചയിക്കുമെന്നു കമ്മിഷൻ വ്യക്തമാക്കിയത്. ഇപ്പോൾ ഓരോ വർഷവും നിരക്കു നിശ്ചയിക്കുന്ന രീതിയാണ്. ഓരോ വർഷവും 4% വർധന കമ്മിഷൻ അനുവദിച്ചിട്ടുണ്ട്.

വൈദ്യുതി വാങ്ങുന്ന ഇനത്തിൽ അധികച്ചെലവ് ഉണ്ടായാൽ അതു സർചാർജ് ആയി ഈടാക്കി നൽകണമെന്നാവശ്യപ്പെട്ടു ബോർഡിനു പിന്നീടു കമ്മിഷനെ സമീപിക്കാം. നാലു വർഷത്തെ നിരക്കു മുൻകൂട്ടി നിശ്ചയിച്ചാൽ ബോർഡിനും വൻകിട ഉപയോക്താക്കൾക്കും ചെലവ് ആസൂത്രണം ചെയ്യാം. മറ്റു പല സംസ്ഥാനങ്ങളിലും ഇതു നിലവിൽ വന്നു കഴിഞ്ഞു. കരടു ചട്ടങ്ങൾ കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വീകരിക്കുകയും ഹിയറിങ് നടത്തുകയും ചെയ്തശേഷം അടുത്ത മാസം അന്തിമ രൂപം നൽകും.

വൈദ്യുതി വാങ്ങുന്നതിനു വേണ്ടിവരുന്ന അധികതുക മൂന്നുമാസം കൂടുമ്പോൾ കമ്മിഷനെ അറിയിച്ച് ഇന്ധന സർചാർജ് ആയി ഈടാക്കണമെന്നാണു ചട്ടം. ഇതനുസരിച്ചാണു യൂണിറ്റിനു നാലു പൈസ വർധിപ്പിക്കണമെന്ന അപേക്ഷ കഴിഞ്ഞ ദിവസം ബോർഡ് നൽകിയത്.

അതേസമയം, കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ കാലയളവിൽ വൈദ്യുതി വാങ്ങുന്നതിന് അധികം ചെലവായ 74.6 കോടി രൂപ ഈടാക്കുന്നതിനു മൂന്നു മാസത്തേക്കു യൂണിറ്റിനു 14 പൈസ കൂട്ടണമെന്നു നേരത്തേ കമ്മിഷനോടു ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച ഹിയറിങ് കഴിഞ്ഞു. എത്ര പൈസ ഈടാക്കണമെന്നു വൈകാതെ കമ്മിഷൻ ഉത്തരവ് ഇറക്കും.